Quantcast

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ ഇന്ന്

സുനേത്ര ഉപമുഖ്യമന്ത്രിപദത്തിലേക്ക് വരുന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങളില്ലെന്ന് എൻസിപി നേതാക്കൾ വ്യക്തമാക്കി

MediaOne Logo
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിമാനാപകടത്തില്‍ മരിച്ച അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ സുനേത്ര ഉപമുഖ്യമന്ത്രിപദത്തിലേക്ക് വരുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്ന് എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. വ്യാഴാഴ്ചയാണ് വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ മരണപ്പെട്ടത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സുനേത്ര അതേവര്‍ഷം ജൂണില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെടുകയും വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന ലോക്ഭവനിലെ ചെറിയ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി.

അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ ഉപമുഖ്യമന്ത്രിക്കസേര സുനേത്ര പവാര്‍ ഏറ്റെടുക്കണമെന്ന കാര്യത്തില്‍ എന്‍സിപിയില്‍ എതിരഭിപ്രായങ്ങളില്ലെന്ന് മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ നേരത്തെ പ്രതികരിച്ചിരുന്നു. അകാലത്തില്‍ നേരിടേണ്ടിവന്ന വ്യക്തിപരമായ ദുഃഖം മാറ്റിവെച്ച് പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ ഉടന്‍ തയ്യാറാകണമെന്നാണ് നേതാക്കളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപമുഖ്യമന്ത്രിപദം ആര് ഏറ്റെടുക്കണമെന്ന എന്‍സിപിയുടെ തീരുമാനം എന്തുതന്നെയായാലും പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്. 'എന്‍സിപിയും അജിത് പവാറിന്റെ കുടുംബവും സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കും. പാര്‍ട്ടിയും സര്‍ക്കാരും പവാര്‍ കുടുംബത്തോടൊപ്പമാണുള്ളത്. എന്‍സിപി നേതാക്കള്‍ രണ്ട് തവണ എന്നെ കാണാന്‍ വന്നിരുന്നു. പാര്‍ട്ടിക്ക് മുന്നിലുള്ള വഴികളെക്കുറിച്ചും സ്വീകരിക്കാന്‍ സാധ്യതയുള്ള തീരുമാനങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു'. അദ്ദേഹം വ്യക്തമാക്കി.

പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കറെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്ക്ക് നല്‍കിയേക്കും. അതേസമയം, ധനകാര്യ വകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അതേസമയം, അജിത് പവാറിന്റെ മരണത്തിന് പിന്നാലെ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി വിഭാഗവുമായി പാര്‍ട്ടി ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രണ്ട് വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നത് അജിത് പവാറിന്റെ ആഗ്രഹമായിരുന്നുവെന്ന് ചില നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ലയന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഭിന്നത നിലനില്‍ക്കുന്നുണ്ട്. സുനേത്ര പവാര്‍ സംസ്ഥാന മന്ത്രിസഭയിലെത്തുന്നതോടെ അവര്‍ ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് മകന്‍ പാര്‍ഥ് പവാറിനെ അയക്കാനും നീക്കമുണ്ട്.

ബുധനാഴ്ച രാവിലെ 8.45ഓടെയാണ് മഹാരാഷ്ട്ര പൂനെ ജില്ലയിലെ ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചു. വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം തുടരുന്നത്.

TAGS :

Next Story