Quantcast

ഫ്ലോറൽ പ്രിന്‍റുള്ള സല്‍വാര്‍ കുര്‍ത്തയിട്ട് സോണിയാ ഗാന്ധിയെ കാണാൻ വന്നപ്പോൾ; സുനിത വില്യംസിന്‍റെ പഴയ ചിത്രം വീണ്ടും വൈറൽ

2007ലാണ് ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി സുനിത ഇന്ത്യയിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    18 March 2025 12:42 PM IST

Sunita Williams meets Sonia Gandhi
X

ഡൽഹി: 'ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ധീരയായ വനിത' ബഹിരാകാശ യാത്രിക സുനിത വില്യംസിനെ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മരണത്തിനും ജീവിതത്തിനുമിടയിൽ ബഹിരാകാശത്ത് കഴിഞ്ഞ 9 മാസങ്ങളിൽ സുനിത പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം മതി ഈ വിശേഷണത്തിന് അടിവരയിടാൻ. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സുനിതയും സഹയാത്രികനായ ബുച്ച് വിൽമോറും നാളെ ഭൂമിയിലെത്തുകയാണ്. അവരുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. സുനിത ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ ഓരോ ഇന്ത്യാക്കാരനും സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ആ വരവിനെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യൻ വംശജയായ സുനിത മാതൃരാജ്യത്തിന് കൂടി പ്രചോദനമാണ്.

സുനിത ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ അവരുടെ ഇന്ത്യാസന്ദര്‍ശനത്തിന്‍റെ പഴയൊരു ചിത്രമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. 2007ലാണ് ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി സുനിത ഇന്ത്യയിലെത്തുന്നത്. അന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സുനിത കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഫ്ലോറൽ പ്രിന്‍റുള്ള സൽവാര്‍ കുര്‍ത്ത ധരിച്ച് അന്നത്തെ 42കാരിയായ സുനിത കുറച്ച് ബന്ധുക്കള്‍ക്കൊപ്പമാണ് സൗഹൃദസന്ദര്‍ശനം നടത്തിയത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.

195 ദിവസം ബഹിരാകാശത്ത് തങ്ങിയ ഏക വനിതാ യാത്രിക എന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് അന്നത്തെ ഇന്ത്യ സന്ദര്‍ശനം. സോണിയ സുനിതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ''ഇന്ത്യന്‍ കുട്ടികള്‍ക്കുള്ള മാതൃകയും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടവും'' എന്നാണ് സോണിയ ഗാന്ധി സുനിതയെക്കുറിച്ച് പറഞ്ഞത്. പിതാവ് വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലും സുനിത സന്ദര്‍ശനം നടത്തിയിരുന്നു. ഹൈദരാബാദിലെത്തിയ അവര്‍ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു.

TAGS :

Next Story