Quantcast

ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്‌തുള്ള ഹരജി റദ്ദാക്കി

ബിജെപിയുടെ തമിഴിസൈ സൗന്ദരരാജനെ പരാജയപ്പെടുത്തിയാണ് കനിമൊഴി തൂത്തുക്കുടിയിൽ വിജയം നേടിയത്

MediaOne Logo

Web Desk

  • Published:

    4 May 2023 12:28 PM IST

kanimozhi_dmk
X

ഡൽഹി: 2019ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടി മണ്ഡലത്തിൽ നിന്ന് ഡിഎംകെ എംപി കനിമൊഴിയെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി റദ്ദാക്കി. നേരത്തെ ഹരജി തള്ളാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇത് ചോദ്യംചെയ്താണ് കനിമൊഴി സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി റദ്ദാക്കിയത്.

കുടുംബ സ്വത്തുക്കൾ വെളിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭർത്താവിന്റെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) പരാമർശിക്കുന്നതിൽ പരാജയപ്പെട്ടെന്നു പേരിലാണ് കനിമൊഴിക്കെതിരെ എ സനാതന കുമാർ എന്ന വോട്ടർ ഹരജി നൽകിയത്. ലോക്‌സഭയിലേക്കുള്ള തന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് വോട്ടറും ബിജെപി നേതാവും വെവ്വേറെ സമർപ്പിച്ച രണ്ട് തെരഞ്ഞെടുപ്പ് ഹരജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

തന്റെ ഭർത്താവ് സിംഗപ്പൂരിൽ താമസിക്കുന്ന ഒരു എൻആർഐ ആണ്, അദ്ദേഹത്തിന് പാൻ കാർഡില്ല. ഇന്ത്യയിൽ ആദായനികുതി അടച്ചിട്ടില്ലെന്നും കനിമൊഴി ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിരുന്നു.

ബിജെപിയുടെ തമിഴിസൈ സൗന്ദരരാജനെ പരാജയപ്പെടുത്തിയാണ് കനിമൊഴി തൂത്തുക്കുടിയിൽ വിജയം നേടിയത്. കനിമൊഴിയുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സൗന്ദരരാജൻ ഹരജി സമർപ്പിച്ചിരുന്നെങ്കിലും തെലങ്കാന ഗവർണറായതിന് ശേഷം അദ്ദേഹമത് പിൻവലിക്കുകയായിരുന്നു.

TAGS :

Next Story