ആരവല്ലിയിൽ സുപ്രിംകോടതി ഇടപെടൽ; തിങ്കളാഴ്ച കേസ് പരിഗണിക്കും
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

ന്യൂ ഡൽഹി: ആരവല്ലി കുന്നുകളുടെ വിവാദ നിർവചനവും അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. സുപ്രിംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസാണിത്. 'ആരവല്ലി കുന്നുകളുടെയും പർവതനിരകളുടെയും നിർവചനവും അനുബന്ധ പ്രശ്നങ്ങളും' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേസ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
പരിസ്ഥിതി ദുർബല പ്രദേശമായ ആരവല്ലി മലനിരകൾക്ക് കേന്ദ്രസർക്കാർ പുതിയ നിർവചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്. ഈ നിർവചനം കാരണം ദുർബലമായ പർവത ആവാസവ്യവസ്ഥയുടെ വിശാലമായ ഭാഗങ്ങൾ ഖനനത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് ആക്ടിവിസ്റ്റുകളും ശാസ്ത്രജ്ഞരും വാദിക്കുന്നു. മതിയായ ശാസ്ത്രീയ വിലയിരുത്തലോ പൊതുജനാഭിപ്രായ ചർച്ചയോ ഇല്ലാതെയാണ് ആരവല്ലി മലനിരകൾക്ക് പുതിയ നിർവചനം നൽകിയതെന്നും ആക്ടിവിസ്റ്റുകൾ വാദിക്കുന്നു.
എന്നാൽ സുസ്ഥിര ഖനനത്തിനായുള്ള സമഗ്രമായ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതുവരെ ആരവല്ലികളിലെ ഖനനത്തിനുള്ള പുതിയ പാട്ടക്കാലാവധി സുപ്രിംകോടതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ആരവല്ലിയിലെ പുതിയ ഖനന പാട്ടങ്ങൾ പൂർണമായി നിർത്തലാക്കുമെന്ന് സർക്കാരും പ്രഖ്യാപിച്ചു. പാരിസ്ഥിതിക, ഭൂമിശാസ്ത്ര, ഭൂപ്രകൃതി തലത്തിലുള്ള പരിഗണനകളെ അടിസ്ഥാനമാക്കി ആരവല്ലിയിൽ ഖനനം നിരോധിക്കേണ്ട കൂടുതൽ പ്രദേശങ്ങളും സോണുകളും കണ്ടെത്താൻ സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷനോട് (ICFRE) ആവശ്യപ്പെട്ടു.
Adjust Story Font
16

