Quantcast

മതപരിവർത്തന നിരോധിത നിയമം; രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്

നിർബന്ധിതമോ വഞ്ചനാപരമോ കൂട്ടമായോ ഉള്ള മതപരിവർത്തനങ്ങൾക്ക് കർശനമായ ജയിൽ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്

MediaOne Logo

Web Desk

  • Published:

    9 Dec 2025 9:07 AM IST

മതപരിവർത്തന നിരോധിത നിയമം; രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്
X

ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹരജിയിൽ മറുപടി തേടി രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്. നിർബന്ധിതമോ വഞ്ചനാപരമോ കൂട്ടമായോ ഉള്ള മതപരിവർത്തനങ്ങൾക്ക് കർശനമായ ജയിൽ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. സമാനമായ ഹരജികൾ സുപ്രിം കോടതിയുടെ പരിഗണനയിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ ബെഞ്ചിനോട് പറഞ്ഞു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇതേ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മുമ്പ് സമർപ്പിച്ച ഹരജികളുടെ കൂടെ ഈ ഹരജിയും ചേർക്കാൻ ഉത്തരവിട്ടു.

രാജസ്ഥാനിലെ ഈ നിയമപ്രകാരം മതപരിവർത്തനങ്ങൾക്ക് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും വഞ്ചനാപരമായി കണക്കാക്കുന്ന മതപരിവർത്തനങ്ങൾക്ക് ഏഴ് മുതൽ 14 വർഷം വരെ തടവും ലഭിക്കും. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗക്കാർ, വികലാംഗർ എന്നിവരെ വഞ്ചനയിലൂടെ മതം മാറ്റുന്നത് 10 മുതൽ 20 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും.

സെപ്റ്റംബറിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക എന്നിവിടങ്ങളിൽ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരെയുള്ള ഹരജികളിൽ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് പ്രതികരണം തേടിയിരുന്നു. സംസ്ഥാനങ്ങൾ മറുപടി നൽകിയതിനുശേഷം മാത്രമേ ഈ നിയമങ്ങളുടെ പ്രവർത്തനം സ്റ്റേ ചെയ്യാനുള്ള അപേക്ഷകൾ പരിഗണിക്കൂ എന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. കേസ് കൂടുതൽ പരിഗണനയ്ക്കായി എടുക്കുന്നതിന് മുമ്പ് രാജസ്ഥാൻ സർക്കാർ പ്രതികരണം സമർപ്പിക്കേണ്ടതുണ്ട്.

TAGS :

Next Story