Quantcast

'ബാബരി മസ്ജിദ് പുനർനിർമിക്കപ്പെടും' എന്ന പോസ്റ്റ്: യുവാവിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി

അ‍ഞ്ച് വർഷം മുമ്പ് 2020 ആ​ഗസ്റ്റിലാണ് മൻസൂരിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്.

MediaOne Logo

Web Desk

  • Published:

    28 Oct 2025 5:13 PM IST

Supreme Court Refuses to Quash Criminal Case Over Babri Masjid Social Media Post
X

Photo| Special Arrangement

ന്യൂഡൽഹി: യുപിയിലെ അയോധ്യയിൽ ആർഎസ്എസ് കർസേവകർ തകർത്ത ബാബരി മസ്ജിദ് അതേയിടത്ത് പുനർനിർമിക്കപ്പെടുന്ന പോസ്റ്റിന്റെ പേരിൽ നിയമവിദ്യാർഥിക്കെതിരെയെടുത്ത കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. കുറ്റാരോപിതനായ യുപി സ്വദേശി മുഹമ്മദ് ഫയാസ് മൻസൂരിയുടെ ഹരജിയിലാണ് സുപ്രിംകോടതി ഇടപെടാതിരുന്നത്. ഒരു നാൾ ബാബരി മസ്ജിദ് അതേയിടത്ത് പുനർനിർമിക്കപ്പെടും, തുർക്കിയിലെ ഹാ​ഗിയ സോഫിയ മസ്ജിദ് പോലെ- എന്നായിരുന്നു മൻസൂരിയുടെ പോസ്റ്റ്.

ഈ കേസിൽ കോടതിയിൽ നിന്ന് ഒരു അഭിപ്രായവും തേടരുതെന്ന് ഹരജിക്കാരന്റെ അഭിഭാഷകനോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പ്രസ്തുത പോസ്റ്റ് പ്രകോപനപരമായ സ്വഭാവമുള്ളതല്ലെന്നും മൻസൂരിയുടെ അഭിഭാഷകൻ തൽഹ അബ്ദുറഹ്മാൻ വാദിച്ചു.

ഹരജിക്കാരൻ ചരിത്രപരമായ ഒരു താരതമ്യം മാത്രമാണ് നടത്തിയത്. എന്നാൽ ഹാക്ക് ചെയ്തയാൾ അശ്ലീല അഭിപ്രായങ്ങൾ പറഞ്ഞു. അക്കാര്യം പൊലീസ് ഒരിക്കലും അന്വേഷിച്ചിട്ടില്ലെന്നും റഹ്മാൻ പറഞ്ഞു. എന്നാൽ, ഈ വാദം അം​ഗീകരിക്കാൻ തയാറാവാതിരുന്ന ബെഞ്ച് ആ പോസ്റ്റ് കണ്ടിരുന്നതായും തങ്ങളിൽനിന്ന് എന്തെങ്കിലും പരാമർശം ആവശ്യപ്പെടരുതെന്നും വ്യക്തമാക്കുകയായിരുന്നു.

വാദപ്രതിവാദങ്ങൾക്ക് ശേഷം, കോടതി ഹരജി തള്ളി. വിചാരണ കോടതിക്ക് മുമ്പാകെ ഹരജിക്കാരന് എല്ലാ വാദങ്ങളും ഉന്നയിക്കാമെന്നും കേസിന്റെ ഈ ഘട്ടത്തിൽ ഇടപെടില്ലെന്നും ബെഞ്ച് പറഞ്ഞു. ഹരജിക്കാരൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും വിചാരണാ കോടതി അതിന്റേതായ പ്രാധാന്യത്തിൽ പരി​ഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

അ‍ഞ്ച് വർഷം മുമ്പ് 2020 ആ​ഗസ്റ്റിലാണ് മൻസൂരിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്. ഐപിസി 153 എ (വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 292, 592, 506 (ക്രിമിനൽ ​ഗൂഢാലോചന), 509 (സ്ത്രീകളെ അപമാനിക്കുക) എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 67ാം വകുപ്പും ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. തുടർന്ന്, ദേശീയ സുരക്ഷാ നിയമപ്രകാരം മൻസൂരിയെ തടങ്കലിലാക്കാൻ ലഖിംപൂർ ഖേരി മജിസ്ട്രേറ്റ് ഉത്തരവിട്ടു.

2021 സെപ്തംബറിൽ, അലഹബാദ് ഹൈക്കോടതി ഈ തടങ്കൽ ഉത്തരവ് നീതീകരിക്കാനാവാത്തതാണെന്ന് വിധിച്ച് റദ്ദാക്കി. ഇതൊരു ആശ്വാസമായിരുന്നെങ്കിലും പൊലീസ് സമർപ്പിച്ച കുറ്റപത്രം പ്രകാരം മൻസൂരിക്കെതിരായ വിചാരണ തുടർന്നു. ഇതിനിടെ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട യുവാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി ഈ വർഷം സെപ്തംബർ 11ന് തള്ളി. വേ​ഗത്തിൽ വിചാരണ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

TAGS :

Next Story