ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം; ഇഡി അധികാര പരിധി കടക്കുന്നുവെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്
തമിഴ്‌നാട് മദ്യ വിതരണ കോർപറേഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളും അന്വേഷണവും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രിംകോടതിയുടെ വിമർശനം

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഇഡി അധികാര പരിധി കടക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
തമിഴ്നാട് മദ്യ വിതരണ കോർപറേഷനു (ടാസ്‍മാക്)മായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകളും അന്വേഷണവും മറ്റും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രിംകോടതിയുടെ വിമര്‍ശനം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. റെയ്ഡ് തടയണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് നല്‍കിയ അപ്പീലിലാണ് രൂക്ഷ വിമര്‍ശനം.
‘‘ഇ.ഡി എല്ലാ പരിധികളും ലംഘിക്കുകയാണ്. നിങ്ങൾക്ക് ആളുകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാം, പക്ഷേ കോർപറേഷനുകൾക്കെതിരെ എങ്ങനെയാണ് കുറ്റം ചുമത്തുക? ’’ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടർ നടപടികൾ ഇനിയൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ ചെയ്യാനും കോടതി നിർദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് 2014–21 കാലത്ത് സംസ്ഥാന സർക്കാർ തന്നെ 41 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ഇതെല്ലാം ആളുകൾക്കെതിരെയായിരുന്നുവെന്നും എന്നാല്‍ 2025ൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഇഡി പൊടുന്നനെ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തുകയായിരുന്നെന്നും അറിയിച്ചു.
അവിടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണുകളും മറ്റു വസ്തുക്കളും പിടിച്ചെടുത്തെന്നു കപിൽ സിബൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി കടുത്ത പ്രതികരണത്തിലേക്ക് കടന്നത്.
Adjust Story Font
16

