മണിപ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലെ അസ്വാഭാവിക മരണം: ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി; റിപ്പോർട്ട് തേടി
ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളിൽ ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി സുപ്രിംകോടതി.
ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി, സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസവും നിരീക്ഷിക്കാൻ സുപ്രീംകോടതി മുൻപ് നിയമിച്ച മുൻ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കവെയാണ് പരമോന്നത കോടതിയുടെ നിർണായക ഇടപെടൽ.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 25 പേരുടെ അസ്വാഭാവിക മരണത്തെക്കുറിച്ചും, ഇതിൽ ഒരാൾ ലൈംഗിക അതിക്രമത്തെ തുടർന്ന് മരണപ്പെട്ടതിനെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജൂലൈ 4ന് തന്നെ സമിതി സർക്കാരിനോട് ഇതിൽ വിവരങ്ങൾ തേടിയിട്ടും എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് കോടതി ചോദ്യം ചെയ്തു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളിൽ 20 എണ്ണത്തിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന വിവരം ചൂണ്ടിക്കാട്ടിയ കോടതി, ബാക്കിയുള്ളവയിൽ പോസ്റ്റ്‌മോർട്ടം നടത്താത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും നിർദേശിച്ചു.
അസ്വാഭാവികമായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് വെറും 20,000 മുതൽ 30,000 രൂപ വരെ മാത്രം നഷ്ടപരിഹാരം നൽകിയതിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ക്യാമ്പുകളിൽ അസ്വാഭാവികമായി മരണപ്പെട്ട എല്ലാ സംഭവങ്ങളിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ റിപ്പോർട്ടുകൾ വേഗത്തിൽ കൈമാറാമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Adjust Story Font
16

