'അസംബന്ധം, നിങ്ങളെ എങ്ങനെ വിശ്വസിക്കും'; യുപി പൊലീസിനെ വിമര്‍ശിച്ച് സുപ്രിംകോടതി
യുപി പൊലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സിബിഐയെ ഏല്‍പ്പിക്കേണ്ടിവരുമെന്നും കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. എല്ലാകാര്യങ്ങളിലും പൊലീസിന് അജണ്ടയുണ്ടെന്നും നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. യുപി പൊലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സിബിഐയെ ഏല്‍പ്പിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.
പീഡനക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പരാതിക്കാരി പൊലീസില്‍ ഏല്‍പ്പിച്ചിട്ടും എഫ്‌ഐആറില്‍ അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയതാണ് സുപ്രിംകോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. ഈ അസംബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ബുലന്ദ്ശഹറില്‍ നടന്ന സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സംഭവസ്ഥലത്ത് വച്ചുതന്നെ പിടികൂടി യുവതി പൊലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ എഫ്‌ഐആറില്‍ അജ്ഞാതന്‍ എന്നാണ് യുപി പൊലീസ് രേഖപ്പെടുത്തിയത്. പിന്നീട് അലഹബാദ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ എഫ്‌ഐആറില്‍ തുഷാര്‍ എന്ന പേര് ചേര്‍ക്കുകയും ശേഷം പ്രതിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.
എന്തുകൊണ്ടാണ് എഫ്‌ഐആറില്‍ പേര് ചേര്‍ക്കാതിരുന്നതെന്നും ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് നടപടി തികച്ചും സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ സംരക്ഷിക്കാനായി യുപി പൊലീസ് എഫ്‌ഐആര്‍ തിരുത്തുകയാണെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി.
യുപി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. എന്തുകൊണ്ട് എഫ്‌ഐആറില്‍ നിന്നും പ്രതിയുടെ പേര് ഒഴിവാക്കിയെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ അടുത്ത ഹിയറിങ്ങില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
Adjust Story Font
16

