ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ഹരജി ആഗസ്റ്റ് 8 ന് സുപ്രിം കോടതി പരിഗണിക്കും
'ഭരണഘടനയുടെ ആർട്ടിക്കിൾ 370' എന്ന തലക്കെട്ടിലുള്ള കേസിൽ പലവക അപേക്ഷയായാണ് ഈ ഹരജി സമർപ്പിച്ചിരിക്കുന്നത്

ജമ്മു കശ്മീർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ആഗസ്റ്റ് 8 ന് സുപ്രിം കോടതി പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ തിങ്കളാഴ്ച ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മുമ്പാകെ ഇക്കാര്യം പരാമർശിക്കുകയും കേസ് ഓഗസ്റ്റ് 8 ന് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് അത് അംഗീകരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആർട്ടിക്കിൾ 370-ന്റെ ആറാം വാർഷികമാണ് ഇന്ന്. (05/08/2025)
'ഭരണഘടനയുടെ ആർട്ടിക്കിൾ 370' എന്ന തലക്കെട്ടിലുള്ള കേസിൽ പലവക അപേക്ഷയായാണ് ഈ ഹരജി സമർപ്പിച്ചിരിക്കുന്നത്. 2023 ലെ വിധിയിൽ സുപ്രിം കോടതി ആർട്ടിക്കിൾ 370 റദ്ദാക്കിയത് ശരിവച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് വിധി പ്രസ്താവിച്ചിരുന്നില്ല. ആ സമയത്ത് സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.
പതിനൊന്ന് മാസമായിട്ടും കേന്ദ്രസർക്കാർ ആ ഉറപ്പ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് കോളേജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ട്, ആക്ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക് എന്നീ രണ്ട് ഹരജിക്കാർ കോടതിയെ സമീപിച്ചു. 'ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സമയബന്ധിതമായി പുനഃസ്ഥാപിക്കാത്തത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസത്തിന്റെ ആശയത്തെ ലംഘിക്കുന്നു.' ഹരജി അപേക്ഷയിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നതിനാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് തടസ്സമാകുന്ന സുരക്ഷാ പ്രശ്‌നങ്ങളോ അക്രമങ്ങളോ ഇനി ഇല്ലെന്നും അവർ വാദിച്ചു. 'കേന്ദ്രത്തിന് വാഗ്ദാനം നിറവേറ്റുന്നതിന് ഇപ്പോൾ ഒരു തടസ്സവുമില്ല.' ഹരജിയിൽ പറയുന്നു.
Adjust Story Font
16

