എസ്ഐആര്‍; നിയമസാധുത ചോദ്യംചെയ്ത ഹരജികളിൽ സുപ്രിംകോടതി വിധി നാളെ
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ വിധി പറയുക

- Published:
26 May 2026 10:46 PM IST

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടപ്പിലാക്കിയ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയുടെ(എസ്ഐആര്‍) നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ സുപ്രിംകോടതി നാളെ വിധി പറയും.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ വിധി പറയുക. നിലവിലുള്ള രൂപത്തിൽ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നടത്താൻ ഭരണഘടനയുടെ 326-ാം അനുച്ഛേദപ്രകാരവും, 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് സുപ്രിംകോടതി പ്രധാനമായും പരിശോധിക്കുന്നത്.
ഹരജികള്‍ പരിഗണനയിലിരുന്ന വേളയിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ തടയാൻ കോടതി തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് കേരളം, തമിഴ്നാട്, ബിഹാർ, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി തുടരാൻ അനുവദിച്ചപ്പോഴും, കമ്മീഷന് ഇതിനുള്ള നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ബിഹാറിൽ എസ്‌ഐആർ നടത്താനുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെത്തുടർന്ന്, കഴിഞ്ഞ ജൂണിലാണ് ഭൂരിഭാഗം ഹരജികളും ഫയൽ ചെയ്തത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, രാഷ്ട്രീയ പ്രവർത്തകൻ യോഗേന്ദ്ര യാദവ്, മഹുവ മൊയ്ത്ര (ടിഎംസി എം.പി), മനോജ് ഝാ (ആർജെഡി എംപി), കെ.സി. വേണുഗോപാൽ (കോൺഗ്രസ് എം.പി), സുപ്രിയ സുലെ (എൻസിപി -എസ്പി) തുടങ്ങിയവരാണ് ഹർജി നൽകിയവരിൽ ചിലർ.
ഈ വർഷം ജനുവരി 29നാണ് കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാനായി മാറ്റിവെച്ചത്. രാജ്യത്തെ വോട്ടർമാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും നേരിട്ട് ബാധിക്കുന്ന ഒന്നായതിനാൽ നാളത്തെ സുപ്രീംകോടതി വിധി ഏറെ നിർണായകമാണ്.
Adjust Story Font
16
