ട്രെയിൻ കയറാൻ 2 കിലോമീറ്ററോളം നീളുന്ന ക്യൂവിൽ 16 മണിക്കൂർ വരെ കാത്തിരിപ്പ്; ഉധ്ന റെയിൽവെ സ്റ്റേഷനിൽ ജനപ്രളയം, യാത്രക്കാരെ നിയന്ത്രിക്കാൻ ലാത്തിവീശി പൊലീസ്
പശ്ചിമേഷ്യൻ സംഘര്‍ഷത്തെത്തുടർന്ന് ഇറക്കുമതി തടസ്സപ്പെട്ടതോടെ സൂറത്തിൽ പാചകവാതകത്തിന് വലിയ ക്ഷാമം നേരിട്ടു

- Published:
20 April 2026 9:05 AM IST

സൂറത്ത്: വേനലവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വൻ തിരക്ക് കാരണം സൂറത്തിലെ ഉധ്‌ന റെയിൽവേ സ്റ്റേഷൻ സ്തംഭിച്ചു. രണ്ട് കിലോമീറ്ററോളം നീളമുള്ള ക്യൂവിൽ 14 മുതൽ 16 മണിക്കൂർ വരെയാണ് യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടി വന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശിയതായും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ചയാണ് സംഭവം. യാത്രക്കാര്‍ റെയിൽവെ സ്റ്റേഷന്‍റെ മതിൽ ചാടിക്കടക്കുന്നതിന്‍റെയും തിരക്കേറിയ പ്ലാറ്റ്ഫോമിന്‍റെയും തിങ്ങിനിറങ്ങ കമ്പാര്‍ട്ട്മെന്‍റുകളുടെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ദിവസവേതന തൊഴിലാളികളായിരുന്നു ഭൂരിഭാഗവും. സൂറത്തിലെ ടെക്സ്റ്റൈൽസ്, വ്യാവസായിക യൂണിറ്റുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇവര്‍. ഉൽപാദനം തടസപ്പെടുകയും തൊഴിൽ അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ, പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സൂറത്തിലെ ഈ പ്രതിസന്ധിക്ക് പിന്നിൽ വെറുമൊരു വേനലവധി മാത്രമല്ല, മറിച്ച് അവിടുത്തെ വ്യവസായ മേഖലയെ പിടിച്ചുലച്ച കടുത്ത എൽപിജി ക്ഷാമം കൂടിയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പശ്ചിമേഷ്യൻ സംഘര്‍ഷത്തെത്തുടർന്ന് ഇറക്കുമതി തടസ്സപ്പെട്ടതോടെ സൂറത്തിൽ പാചകവാതകത്തിന് വലിയ ക്ഷാമം നേരിട്ടു. കിലോയ്ക്ക് 600 രൂപ വരെയായി പാചകവാതക വില ഉയർന്നത് സാധാരണ തൊഴിലാളികൾക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ഇന്ധനക്ഷാമവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം പല ഫാക്ടറികളും പ്രവർത്തന സമയം കുറച്ചു. ആഴ്ചയിൽ ഏഴു ദിവസം പ്രവർത്തിച്ചിരുന്ന യൂണിറ്റുകൾ അഞ്ച് ദിവസമായി കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനം നിലച്ചു. ജോലിയിലെ അനിശ്ചിതത്വവും ജീവിതച്ചെലവ് വർധിച്ചതും കാരണം ഏതാണ്ട് 1.5 ലക്ഷത്തിലധികം തൊഴിലാളികളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സൂറത്ത് വിട്ടതെന്നാണ് കണക്കുകൾ.
ഞായറാഴ്ച മാത്രം 22,000-ത്തിലധികം ആളുകളാണ് ഉധ്ന സ്റ്റേഷനിൽ എത്തിയത്. . 15 മണിക്കൂറിലധികം വരിയിൽ നിന്നിട്ടും ട്രെയിനിൽ കയറാൻ കഴിയാത്ത സാഹചര്യമുണ്ടായി. ക്യൂ തെറ്റിക്കാൻ ശ്രമിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. എന്നിരുന്നാലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പശ്ചിമ റെയിൽവെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വേനൽക്കാല യാത്രാ സീസൺ ആരംഭിക്കുന്നതിനാൽ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പബ്ലിക് റിലേഷൻസ് ഓഫീസർ അനുഭവ് സക്‌സേന പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനായി അന്ത്യോദയ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ് എന്നിവയുൾപ്പെടെ അധിക സർവീസുകൾ നടത്തുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഏഴ് അധിക ടിക്കറ്റ് കൗണ്ടറുകൾ തുറന്നിട്ടുണ്ടെന്നും തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ റെയിൽവേ സംരക്ഷണ സേനാംഗങ്ങളെയും ടിക്കറ്റ് പരിശോധനാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മണിക്കൂറുകളോളം ക്യൂ നിന്നു. ചില യാത്രക്കാര്‍ക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ട്രെയിനിൽ കയറിപ്പറ്റിയിട്ടും ശ്വാസം വിടാൻ പോലും പറ്റാത്ത് തിരക്കായിരുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
VIDEO | Surat, Gujarat: Anubhav Saxena, PRO, Western Railway, says, “The situation is normal at Udhna Railway station. With the onset of the summer season, necessary arrangements have been put in place for passengers. Special trains are being operated, additional ticket counters… pic.twitter.com/ure2RxC7sd
— Press Trust of India (@PTI_News) April 19, 2026
Adjust Story Font
16
