Quantcast

'കോടതിയുടെ മുകളിലാണോ നിങ്ങള്‍?'; എസ്ആര്‍എഫ്ടിഐ ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി

ഡീൻ കുറ്റക്കാരനാണെന്ന് ഇൻ്റേണല്‍ കമ്മിറ്റി കണ്ടെത്തിയിട്ടും ചെയര്‍മാന്‍ കൂടിയായ സുരേഷ് ഗോപി നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    12 July 2026 3:19 PM IST

Suresh Gopi Defends Inaction on Sexual Harassment Complaint Against SRFTI Dean
X

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതികരണവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കോടതി തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ നടക്കും. കോടതി പറയുന്നത് എന്തും ചെയര്‍മാന്‍ എന്ന നിലയില്‍ ചെയ്യും. മാധ്യമങ്ങള്‍ കോടതിയാകേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഡീനിനെതിരെ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സുരേഷ് ഗോപി നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

കോടതി തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നാളെ ഒരു കാലത്ത് ഡീനിനെതിരെ തിരിഞ്ഞെന്ന് ആരോപണം വരരുത്. കോടതി നാളെ അയാളുടെ പക്ഷം ചേര്‍ന്നിട്ട് ഞങ്ങളോട് ചോദ്യം ചോദിച്ചാല്‍, നിങ്ങള്‍ മൈക്ക് എന്റെ തൊള്ളയിലോട്ട് കുത്തിയിറക്കിയിട്ട് ഡീനിനോട് അനീതിയല്ലേ കാണിച്ചത് എന്ന് ചോദിക്കില്ലേ. എന്ത് വിഡ്ഢിത്തമാണ് നിങ്ങള്‍ എഴുന്നള്ളിക്കുന്നത്.

ഞങ്ങള്‍ക്ക് എല്ലാ വശങ്ങളും സീല്‍ ചെയ്ത് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നടപടി എടുക്കാന്‍ പറ്റൂ. ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നാല്‍ മാത്രം തീരുമാനം എടുക്കുമോ? ഞങ്ങള്‍ക്ക് ചെയ്യാനുള്ള നിയമപരമായ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. അതിനുള്ള സമയം ഞങ്ങള്‍ക്ക് കോടതി തന്നിട്ടുണ്ട്. അതിനുമേലെ നിങ്ങളുടെ അവകാശവും നിങ്ങളുടെ അംഗീകാരവും നിങ്ങളുടെ പെര്‍മിഷനും ഒന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല -സുരേഷ് ഗോപി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ വിപിന്‍ വിജയ് കുറ്റക്കാരനാണെന്ന് ഇന്റേണല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയര്‍മാനായി നിയമിച്ചതോടെയാണ് സുരേഷ് ഗോപിക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഇന്റേണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സുരേഷ് ഗോപി നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മുന്‍ വിദ്യാര്‍ഥിനിയും അധ്യാപക പാനലിലെ ഒരാളുമാണ് എസ്ആര്‍എഫ്ടിഐ ഉന്നതോദ്യോഗസ്ഥനെതിരെ രണ്ട് വര്‍ഷം മുമ്പ് ലൈംഗിക പീഡന പരാതി നല്‍കിയത്.


TAGS :

Next Story