Quantcast

'നോയിഡ ഡിഎം മേധാ രൂപത്തിന്റെ ഹരജി പ്രത്യേക ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തതിൽ ദുരൂഹത'; ഗുരുതര ആരോപണവുമായി അഭിഭാഷകർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളാണ് മേധ രൂപം

MediaOne Logo
നോയിഡ ഡിഎം മേധാ രൂപത്തിന്റെ ഹരജി പ്രത്യേക ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തതിൽ ദുരൂഹത; ഗുരുതര ആരോപണവുമായി അഭിഭാഷകർ
X

ന്യൂഡൽഹി: നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നൽകിയ ഹരജി സുപ്രിംകോടതിയിൽ പ്രത്യേക ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തതിൽ അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ച് അഭിഭാഷക കൂട്ടായ്മ രംഗത്ത്. നിലവിലെ റോസ്റ്റർ ചട്ടങ്ങൾ മറികടന്നാണ് ഹരജി പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതെന്ന് ആരോപിച്ച് 'ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷൻ' സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ മകൾ കൂടിയായ മേധാ രൂപത്തിന് പ്രത്യേക പരിഗണന നൽകി കേസ് ലിസ്റ്റ് ചെയ്ത നടപടി ജുഡീഷ്യൽ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വാദത്തിനിടെ കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ് ശബ്ദം തടഞ്ഞതിനെയും അസോസിയേഷൻ രൂക്ഷമായി വിമർശിച്ചു.

ഹേബിയസ് കോർപ്പസ്, മുൻകരുതൽ തടങ്കൽ തുടങ്ങിയ കേസുകൾ പരിഗണിക്കാൻ നിർദിഷ്ട ബെഞ്ചുകൾ നിലവിലുള്ളപ്പോഴും, തൊഴിലാളി സമരവുമായി ബന്ധപ്പെട്ട സമാന ഹരജികൾ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കെയുമാണ് മേധാ രൂപത്തിന്റെ ഹരജി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് എൻ.കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിലേക്ക് മാറ്റിയത്. ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള ഈ നടപടി തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക ബെഞ്ചിന് മുന്നിൽ മാത്രമായി കേസ് എത്തിയ നടപടി നീതിന്യായ പ്രക്രിയയിലുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതല്ല എന്ന് കത്തിൽ പറയുന്നു.

കൂടാതെ, കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ ശബ്ദം മ്യൂട്ട് ചെയ്ത നടപടിയെയും അസോസിയേഷൻ ചോദ്യം ചെയ്തു. വ്യക്തിപരമായ സ്വകാര്യതയെ ബാധിക്കുന്ന കാര്യമല്ലെന്നും ഒരു പബ്ലിക് ഓഫീസറുടെ ഉത്തരവുമായി ബന്ധപ്പെട്ട ഓപ്പൺ കോർട്ട് ഹിയറിങ്ങിൽ ഇത്തരത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പ്രവേശനം തടസപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

വിവാദത്തിന് പിന്നിൽ

നോയിഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാല വിദ്യാർഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി തടവിലാക്കാൻ നോയിഡ ഡിഎം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അലഹബാദ് ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. തടങ്കൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, വിദ്യാർഥിനിക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകാനും ഈ തുക ഡിഎം മേധാ രൂപത്തിന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മേധാ രൂപം സുപ്രിംകോടതിയെ സമീപിക്കുകയും, തുടർന്ന് ഹൈക്കോടതി പരാമർശങ്ങൾക്കും നഷ്ടപരിഹാര ഉത്തരവിനും സുപ്രിംകോടതി സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. ഈ ഹരജി ലിസ്റ്റ് ചെയ്തതിലെ സുതാര്യതയില്ലായ്മയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

TAGS :

Next Story