മിതമായ നിരക്കിൽ ഭക്ഷണമെത്തിക്കാൻ സ്വിഗ്ഗിയുടെ 'ടോയിങ് ആപ്'
പ്രധാനമായും കോളജ് വിദ്യാര്‍ഥികളെയും പ്രൊഫഷണലുകളെയും ഉദ്ദേശിച്ചാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്

പൂനെ: ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഭക്ഷണമെത്തിക്കാനുള്ള ആപ് പുറത്തിറക്കി ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ 100 രൂപ മുതൽ 200 രൂപ വരെ വിലയിൽ ഭക്ഷണം വിതരണം ചെയ്യുകയാണ് 'ടോയിങ്'എന്ന പുതിയ ആപ്പിന്‍റെ ലക്ഷ്യം.
പ്രധാനമായും കോളജ് വിദ്യാര്‍ഥികളെയും പ്രൊഫഷണലുകളെയും ഉദ്ദേശിച്ചാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്. പൂനെയിലെ കൊത്രുഡ്, ഹിഞ്ചേവാഡി, വാകഡ്, ഔന്ധ്, പിംപിൾ സൗദാഗർ എന്നിവയുൾപ്പെടെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടോയിങ് ലഭ്യമാണ്. മിനി മീൽസ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണങ്ങളായിരിക്കും ഈ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാൻ സാധിക്കുക. ഇതാദ്യമായാണ് സ്വിഗ്ഗി ബംഗളൂരുവിന് പുറത്ത് ഒരു പുതിയ ആപ് പരീക്ഷിക്കുന്നത്.
''പൂനെ വിദ്യാര്‍ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും ഒരു കേന്ദ്രമാണ്. കുറഞ്ഞ വരുമാനമുള്ളവരാണ് ഭൂരിഭാഗം പേരും. ബംഗളൂരു സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം നേരത്തെ കടന്നുചെന്ന വിപണിയാണ്. അതുകൊണ്ടാണ് പൂനെ തെരഞ്ഞെടുത്തത്'' വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂലൈയിൽ സ്വിഗ്ഗി '99 സ്റ്റോർ' എന്ന പുതിയ സേവനം ആരംഭിച്ചിരുന്നു.99 സ്റ്റോറുകളിൽ ഉപഭോക്താക്കൾക്ക് റെഡി-ടു-ഈറ്റ് വിഭവങ്ങൾ ലഭിക്കുമെന്ന് കമ്പനി പറയുന്നു, ഇതിന് 99 രൂപ വരെ വിലവരും. ഓർഡർ അനുസരിച്ച് ഈ വിഭവങ്ങൾ പുതുതായി തയ്യാറാക്കും. റോളുകൾ, ബിരിയാണി, നൂഡിൽസ്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ബർഗർ, പിസ്സ, കേക്ക് തുടങ്ങി നിരവധി ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും.
Adjust Story Font
16

