Quantcast

‘പ്രണയത്തിന്റെ സ്മാരകം മാത്രമല്ല താജ്മഹൽ’; ഞെട്ടിക്കുന്ന പുതിയ ചരിത്രവ്യാഖ്യാനവുമായി ചരിത്രകാരി

സൂഫി ചിന്ത, ഖുർആൻ ആലേഖനങ്ങൾ, യമുനയുടെ നിർണായക പങ്ക്; താജ്മഹലിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് പങ്കുവെച്ച് റാണ സഫ്‌വി

MediaOne Logo

Web Desk

  • Published:

    6 July 2026 6:14 PM IST

‘പ്രണയത്തിന്റെ സ്മാരകം മാത്രമല്ല താജ്മഹൽ’; ഞെട്ടിക്കുന്ന പുതിയ ചരിത്രവ്യാഖ്യാനവുമായി ചരിത്രകാരി
X

“താജ്മഹൽ പ്രണയത്തിന്റെ പ്രതീകം മാത്രമാണെന്ന് പറയുന്നത് അതിന്റെ യഥാർഥ ചരിത്രത്തെ ചുരുക്കിക്കാണിക്കുന്നതാണ്.” ചരിത്രകാരിയായ റാണ സഫവിയുടെ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Salar Jung Museum-ൽ സംഘടിപ്പിച്ച “The Mute Eloquence of the Taj Mahal: Ba-zaban-e Be-zabani” എന്ന പ്രത്യേക പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു റാണ സഫ്‌വി താജ്മഹലിനെക്കുറിച്ചുള്ള പുതിയ ചരിത്രവീക്ഷണം അവതരിപ്പിച്ചത്. പ്രദർശനം ഒക്ടോബർ 4 വരെ തുടരും.

തന്റെ ഗവേഷണത്തിന്റെ തുടക്കത്തിൽ താജ്മഹലിനെ ഒരു മുഗൾ സാമ്രാജ്യത്തിന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായാണ് കണ്ടതെന്ന് റാണ സഫ്‌വി പറഞ്ഞു. പിന്നീട് ഇസ്ലാമിക വാസ്തുവിദ്യയെയും സൂഫി തത്ത്വചിന്തയെയും ആഴത്തിൽ പഠിച്ചപ്പോഴാണ് വെളുത്ത മാർബിളിനും പ്രണയകഥയ്ക്കും അപ്പുറമുള്ള ആത്മീയവും ദാർശനികവുമായ അർഥങ്ങൾ മനസ്സിലായതെന്നും അവർ വ്യക്തമാക്കി.

ഇന്ന് ലോകം “താജ്മഹൽ” എന്നറിയുന്ന ഈ സ്മാരകത്തിന്റെ യഥാർഥ പേര് “റൗസ-ഇ-മുനവ്വറ” (Rauza-i-Munawwara) ആയിരുന്നുവെന്നും, ഇതിന്റെ ചുവരുകളിലും കവാടങ്ങളിലും വിശുദ്ധ ഖുർആനിലെ 22 പൂർണ അധ്യായങ്ങളിൽ നിന്നുള്ള വചനങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത് ഒരു ശവകുടീരം മാത്രമല്ല, ആത്മീയ യാത്രയിലേക്ക് നയിക്കുന്ന വാസ്തുശിൽപ സൃഷ്ടി കൂടിയാണെന്നാണ് അവരുടെ വിലയിരുത്തൽ.

താജ്മഹലിന്റെ നിർമ്മാണരീതിയെക്കുറിച്ചും റാണ സഫ്‌വി വിശദീകരിച്ചു. യമുനാ നദിക്കരയിൽ ഭീമാകാരമായ മണൽക്കല്ല് പ്ലാറ്റ്‌ഫോമിന് മുകളിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. മരത്തൂണുകൾ ഉപയോഗിച്ചുള്ള അടിത്തറ എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്താൻ നദിജലം നിർണായകമായിരുന്നുവെന്നും, യമുന നദി വറ്റിപ്പോയാൽ മരത്തറകൾ ഉണങ്ങി വിള്ളൽ സംഭവിക്കാനും സ്മാരകത്തിന്റെ സ്ഥിരതയെ ബാധിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക അവർ പങ്കുവച്ചു.

19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബ്രിട്ടീഷ് ഭരണകാലത്ത് താജ്മഹലിന്റെ പരിസരഭാഗം വലിയ മാറ്റങ്ങൾക്ക് വിധേയമായെന്നും റാണ സഫ്‌വി പറഞ്ഞു. യൂറോപ്യൻ സഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് മുഗൾ ശൈലിയിലുള്ള ഉദ്യാനങ്ങൾ മാറ്റി ഇംഗ്ലീഷ് കൺട്രിസൈഡ് പാർക്കുകളുടെ മാതൃകയിൽ പുനഃക്രമീകരിച്ചുവെന്നാണ് അവരുടെ വിശദീകരണം.

ഹൈദരാബാദിലെ ഈ പ്രത്യേക പ്രദർശനത്തിൽ 18-ാം നൂറ്റാണ്ട് മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള അപൂർവ ചിത്രങ്ങൾ, പഴയ ഫോട്ടോഗ്രാഫുകൾ, പോസ്റ്റ് കാർഡുകൾ, കലാസൃഷ്ടികൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. പ്രണയത്തിന്റെ പ്രതീകമെന്ന ഒറ്റ വിശേഷണത്തിനപ്പുറം, താജ്മഹലിന്റെ ചരിത്രവും വാസ്തുവിദ്യയും ആത്മീയതയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ പ്രദർശനം സന്ദർശകർക്ക് അവസരമൊരുക്കുകയാണ്.

TAGS :

Next Story