രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയൊന്നും പോരേ?; തമന്നയെ മൈസൂര്‍ സാൻഡൽ സോപ്പ് ബ്രാൻഡ് അംബാസിഡറാക്കിയതിനെതിരെ വിവാദം
ഏതെങ്കിലും കന്നഡ താരത്തെ നിയമിക്കുന്നതിന് പകരം മുംബൈക്കാരിയായ തമന്നയെ ബ്രാൻഡ് അംബാസിഡറാക്കിയത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു

ബംഗളൂരു: 108 വര്‍ഷത്തെ പാരമ്പര്യമുള്ള കര്‍ണാടകയുടെ സ്വന്തം സോപ്പ് മൈസൂര്‍ സാൻഡൽ പുതിയ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാനും ഉത്തരേന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാനുമുള്ള പദ്ധതികൾക്കിടെ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. മൈസൂർ സാൻഡൽ സോപ്പ് നിർമിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്‍റ്സ് ലിമിറ്റഡിന്‍റെ (കെഎസ്‌ഡിഎൽ) ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഏതെങ്കിലും കന്നഡ താരത്തെ നിയമിക്കുന്നതിന് പകരം മുംബൈക്കാരിയായ തമന്നയെ ബ്രാൻഡ് അംബാസിഡറാക്കിയത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. 2030 ആകുമ്പോഴേക്കും വാർഷിക വിറ്റുവരവ് 5,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മൈസൂർ സാൻഡൽ സോപ്പ് മാറ്റങ്ങളോടെ വിപണിയിലെത്തിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി പാട്ടീൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. "ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ഒരു പാരമ്പര്യം, ഇപ്പോൾ വ്യക്തമായ കാഴ്ചപ്പാടോടെ ഭാവിയിലേക്ക് സധൈര്യം ചുവടുവെക്കുന്നു! മഹാരാജ നൽവാടി കൃഷ്ണരാജ വാഡിയറുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) പരിവർത്തനാത്മകമായ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്." പാട്ടീൽ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.
''ഡിജിറ്റൽ മാർക്കറ്റിങ്, കയറ്റുമതി വിപുലീകരണം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2030 ആകുമ്പോഴേക്കും 5,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് കെഎസ്ഡിഎൽ ലക്ഷ്യമിടുന്നത്. ആഗോള ബ്രാൻഡായി മാറുന്നതിനുള്ള ഈ കർണാടക സർക്കാർ സംരംഭത്തിന്‍റെ ധീരമായ ചുവടുവെപ്പാണിത് '' പദ്ധതികൾ വിശദീകരിച്ചുകൊണ്ട് പാട്ടീൽ കൂട്ടിച്ചേർത്തു. ബ്രാൻഡ് അംബാസിഡറായ തമന്നയുടെ ചിത്രവും ഇതോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള തമന്നയുടെ വലിയ ആരാധകവൃന്ദത്തെ മൈസൂർ സാൻഡൽ സോപ്പ് ഉൽപന്നങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ബിജെപി രംഗത്തെത്തിയത്. കോൺഗ്രസിന്‍റെ കന്നഡ വിരുദ്ധ മനോഭാവമെന്നും രാജ്യദ്രോഹ പാര്‍ട്ടിയാണെന്നും ബിജെപി എംപി കെ.സുധാകര്‍ കുറ്റപ്പെടുത്തി. ''സംസ്ഥാനത്ത് നിരവധി താരങ്ങൾ ഉണ്ടായിട്ടും കോൺഗ്രസ് സർക്കാർ കർണാടകയിലെ പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡായ മൈസൂർ സാൻഡൽ സോപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി മറ്റൊരു സംസ്ഥാനത്തിൽ നിന്നും മറ്റൊരു ഭാഷയിൽ നിന്നുമുള്ള ഒരു സിനിമാ നടിയെ കോടിക്കണക്കിന് രൂപ നൽകി നിയമിച്ചു. കോൺഗ്രസ് പാർട്ടിയുടെ കന്നഡ വിരുദ്ധ മനോഭാവത്തിന്‍റെ മറ്റൊരു തെളിവാണിത്'' അദ്ദേഹം കുറിച്ചു.
രമ്യ, രശ്മിക മന്ദാന, ശ്രീനിധി ഷെട്ടി, പൂജ ഹെഗ്‌ഡെ, രുക്മിണി വസന്ത് നിരവധി പേരെ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്തുത താരങ്ങൾ കന്നഡയിലെ താരമൂല്യമുള്ള അഭിനേതാക്കളാണെന്നും അവരെക്കാൾ അന്യഭാഷാ നടീനടൻമാര്‍ക്ക് പ്രാധാന്യം നൽകുന്നത് കന്നഡ നാടിന്‍റെ പ്രതിഭകളെ അപമാനിക്കുക മാത്രമല്ല, മൈസൂർ സാൻഡൽ സോപ്പിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.
കഴിഞ്ഞ മേയ് 22നാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 6.20 കോടി രൂപക്കാണ് നടിയുമായി കരാറൊപ്പിട്ടത്. ദേശീയതലത്തില്‍ അറിയപ്പെടുന്ന നിരവധി സെലിബ്രിറ്റികളെ എല്ലാം സസൂഷ്മം വിലയിരുത്തിയതിന് ശേഷമാണ് തമന്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്ഡിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി എന്നിവരെല്ലാം കെഎസ്‍ഡിഎല്ലിന്‍റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലുടനീളം ആരാധകരുള്ളതിനാലാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡറായി പരിഗണിച്ചത്. കൂടാതെ ഏകദേശം 30 മില്യണ്‍ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയിയില്‍ തമന്നക്കുണ്ടെന്നും ഈ കാരണങ്ങള്‍ വിലയിരുത്തിയാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി നടിയെ തെരഞ്ഞെടുത്തതെന്ന് കെഎസ്‍ഡിഎൽ അറിയിച്ചിരുന്നു.
തമന്നയെ ബ്രാൻഡ് അംബാസിഡറാക്കിയതോടെ 186 കോടി രൂപയുടെ പ്രതിമാസ വിറ്റുവരവാണ് കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായിട്ടായിരുന്നു റെക്കോഡ് വരുമാനം നേടിയത്. സോപ്പ് കൂടാതെ ഷവര്‍ ജെല്‍സ്, ചന്ദനത്തിരികള്‍ 45 ഉത്പന്നങ്ങള്‍ കെഎസ്ഡിഎലിനുണ്ട്.പെര്‍ഫ്യൂം, ഫേസ് വാഷ്, ഹാൻഡ് വാഷ്, പെട്രോളിയം ജെല്ലി, വെർജിൻ കോക്കനട്ട് ഹെയർ ഓയിലുകൾ, ബേബി ഓയിൽ, ക്ലീനോൾ ബ്രാൻഡിന് കീഴിലുള്ള ഹോം കെയർ ഉൽപന്നങ്ങൾ എന്നിവയാണ് പുതിയതായി പുറത്തിറക്കിയത്.
A legacy spanning over a century, now stepping boldly into the future with a clear vision!
— M B Patil (@MBPatil) February 10, 2026
Founded on the foresight of the great visionary Maharaja Nalwadi Krishnaraja Wadiyar, Karnataka Soaps and Detergents Limited (KSDL) is entering a transformative new phase.
Karnataka's… pic.twitter.com/AhZHfSy0LL
Adjust Story Font
16

