തമിഴ്നാട് ബിജെപിയിൽ രാജി തുടരുന്നു; സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷാണ് രാജി പ്രഖ്യാപിച്ചത്
മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവരുടെ രാജിക്ക് പിന്നാലെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷിൻ്റേയും രാജി

- Updated:
2026-06-05 15:50:54

ചെന്നൈ: തമിഴ്‌നാട് ബിജെപിയിൽ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവരുടെ രാജിക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷാണ് രാജിവെച്ചത്. പാർട്ടിയിലെ തന്റെ ചുമതലകൾ ഒഴിഞ്ഞതായും ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു. ഏറെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കടുത്ത വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും അവർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'വളരെ സങ്കടത്തോടെയാണ് ഭാരതീയ ജനതാ പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പദവി ഒഴുയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ബിജെപി ഉയർത്തിപ്പിടിക്കുന്ന ദേശീയത, ദേശസ്‌നേഹം, രാജ്യസേവനം എന്നീ ആശയങ്ങളും തന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തന്റെ യാത്രയിൽ ഈ മൂല്യങ്ങൾ ഇനിയും മാർഗ്ഗനിർദ്ദേശകമാകുമെന്നും' ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച കത്തിൽ പറയുന്നു. ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.
വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിൽ നിന്നും കുടുംബവാഴ്ചയിൽ നിന്നും അകലം പാലിച്ചുകൊണ്ട് ഒരു പുതിയ 'സാധാരണക്കാരന്റെ രാഷ്ട്രീയം' കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചത്. വിജയിയുടേയും ടിവികെയുടേയും വളർച്ചയാണ് പുതിയ രാഷ്ട്രീയ ശൈലി പരീക്ഷിക്കാൻ അണ്ണാമലൈയെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുവാക്കളുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന അണ്ണാമലൈയുടെ പുതിയ സംഘടന പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, അണ്ണാമലൈയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നാണ് നിലവിലെ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
Adjust Story Font
16
