Quantcast

ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ചിലർ പറയുന്നു, പാനി പൂരി വിൽക്കുന്നവരാണ് ഹിന്ദി പറയുന്നത്: തമിഴ്‌നാട് മന്ത്രി

ദ്വിഭാഷാ ഫോർമുല നയം സംസ്ഥാന സർക്കാർ തുടരുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-05-13 15:00:25.0

Published:

13 May 2022 2:56 PM GMT

ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ചിലർ പറയുന്നു, പാനി പൂരി വിൽക്കുന്നവരാണ് ഹിന്ദി പറയുന്നത്: തമിഴ്‌നാട് മന്ത്രി
X

ചെന്നൈ: ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്നാണ് ചിലർ പറയുന്നതെന്നും എന്നാൽ കോയമ്പത്തൂർ നഗരത്തിൽ പാനി പൂരി വിൽക്കുന്നവരാണ് ഹിന്ദി സംസാരിക്കുന്നതെന്നും തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന വിവാദത്തിനിടെ ഭാരതിയാർ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന. 'തമിഴ്‌നാട്ടിൽ നമുക്ക് നമ്മുടേതായ സംവിധാനമുണ്ട്. തമിഴ് പ്രാദേശിക ഭാഷയാണ്. ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയുമാണ്. നാനത്വത്തിൽ ഏകത്വമാണ് നമ്മുടേത്. വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഇവിടെയുണ്ട്. അതിനാൽ നാം നമ്മുടെ രീതി പിന്തുടരണം. പുതിയ വിദ്യാഭ്യാസ നയത്തിലെ നല്ല കാര്യങ്ങളും പിന്തുടരണം. അതിന് നാം തയ്യാറുമാണ്' ചടങ്ങിൽ സംസാരിക്കവേ മന്ത്രി നിലപാട് വ്യക്തമാക്കി.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാട് ആവർത്തിച്ച മന്ത്രി, ദ്വിഭാഷാ ഫോർമുല നയം സംസ്ഥാന സർക്കാർ തുടരുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുമെന്നും പറഞ്ഞു.


യൂണിവേഴ്‌സിറ്റി പരിപാടിയിൽ ചാൻസ്‌ലറായ തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയും പങ്കെടുത്തിരുന്നു. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടെയെങ്കിലും മേൽ അടിച്ചേൽപ്പിക്കുന്ന വിഷയമേയില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ ഭാഷാവികാരം കേന്ദ്രസർക്കാറിനെ അറിയിക്കാനാണ് ഈ ചടങ്ങിൽ വിഷയം ഉയർത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ഹിന്ദിയടക്കം ഏതു ഭാഷയും തമിഴ്‌നാട്ടിലുള്ളവർക്ക് പഠിക്കാമെന്നും അദ്ദേഹം പറഞ്ഞു.



കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബോളിവുഡ് നടൻ അക്ഷയ് കുമാറുമടക്കമുള്ള ഹിന്ദിക്ക് രാജ്യത്ത് പ്രാമുഖ്യം നൽകണമെന്ന് വാദിച്ചതോടെയാണ് ഭാഷാ വിവാദം ഉയർന്നത്. ഹിന്ദിയേതര സംസ്ഥാനങ്ങളിൽ നിന്ന് ഇതിനെതിരെ ശക്തമായ എതിർപ്പുയർന്നിരിക്കുകയാണ്. മുമ്പ് ഏറെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് തമിഴ്‌നാട്. 1937 മുതൽ 1940 വരെ ഹിന്ദിക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. 1965ൽ നടന്ന സമരത്തിൽ 70 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഹിന്ദി അടിച്ചേൽപ്പിക്കില്ലെന്നും ഇംഗ്ലീഷ് പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയായി തുടരുമെന്നും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉറപ്പ് നൽകുകയായിരുന്നു.

Tamil Nadu's Higher Education Minister K Ponmudy against hindi

TAGS :

Next Story