കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
പ്രതിഷേധത്തിൽ പങ്കെടുത്ത സുലേഖയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

- Published:
11 Jun 2026 11:10 AM IST

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഷൻ. ഹരിയാന വിദ്യാഭ്യാസ വകുപ്പിൻ്റേതാണ് നടപടി. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്‌കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെതിരെയാണ് നടപടി.
റോഹ്തക് ജില്ലാ എലിമെന്ററി എജ്യുക്കേഷൻ ഓഫീസർ ജൂൺ 10നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 8 മുതൽ പ്രാബല്യത്തിൽ വരുംവിധമാണ് സസ്പെൻഷൻ നടപടി. അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെ ജോലിചെയ്യുന്ന സ്ഥലം വിട്ടുപോയി എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ, നടപടി സ്വീകരിക്കാനുണ്ടായ കാരണങ്ങൾ വിശദീകരിച്ചിട്ടില്ല.
ജൂൺ 7-ന് നടന്ന പ്രതിഷേധത്തിൽ സംസാരിക്കുന്ന സുലേഖയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതൊരു പോരാട്ടമാണെന്നും ഇത്തവണ മരിക്കുക അല്ലെങ്കിൽ ജീവിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ പറയുന്നു. പാറ്റകളുടെ മാതാവും കളിസ്ഥലത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. തങ്ങൾ തങ്ങളുടെ കുട്ടികൾക്കൊപ്പമുണ്ട്. ഒരു അമ്മയെന്നത് ഈ രാജ്യം മുഴുവന്റെയും അമ്മയാണെന്നും അവർ പറയുന്നു.
വൈറലായ വീഡിയോയെപറ്റി ചോദിച്ചപ്പോൾ, ആശങ്കാകുലയായ ഒരു അമ്മ എന്ന നിലയിൽ മാത്രമാണ് താൻ സംസാരിച്ചതെന്ന് ദലാൻ പറഞ്ഞു. "എന്റെ മകനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നയാളാണ്. ഒരു അമ്മ എന്ന നിലയിൽ ഞാൻ ഒരു അഭ്യർത്ഥന മാത്രമാണ് നടത്തിയത്," അവർ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിനാണ് പ്രതിഷേധം നടന്നത്. ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പ്രതിഷേധത്തിൽ പങ്കെടുത്തു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിജീത് പുറത്തിറങ്ങിയത്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഭിജീത്. ആക്ടിവിസ്റ്റ് സോനം വാങ്ചുക് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.
സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഷേധം എന്നായിരുന്നു സിജെപിക്കെതിരായ പരിഹാസമെന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു. ഇപ്പോള്‍ ഇതാ ഒരു വലിയ പ്രതിഷേധമായി മാറിയിരിക്കുന്നു. പ്രതിഷേധം ശക്തമായി മുന്നോട്ട് പോകും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധം തുടരും. അടുത്ത ശനിയാഴ്ച ജന്തര്‍ മന്ദറില്‍ വീണ്ടും പ്രതിഷേധം നടത്തുമെന്നും ദിപ്‌കെ പറഞ്ഞു.
Adjust Story Font
16
