'രാത്രി 9 മണിക്ക് ടീമിന് ഗ്രൂപ്പ് കോൾ'; ഒറ്റ രാത്രി കൊണ്ട് 150 സോഫ്റ്റ്‍വെയര്‍ എഞ്ചിനിയര്‍മാരുടെ പണി പോയി
ജൂൺ 23ന് രാത്രി 9 മണിക്ക് ജീവനക്കാർക്ക് അടിയന്തരമായി മൈക്രോസോഫ്റ്റ് ടീംസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ നിർദേശം ലഭിക്കുകയായിരുന്നു

- Published:
27 Jun 2026 9:07 PM IST

ബംഗളൂരു: കോര്‍പ്പറേറ്റ് ലോകത്ത് ഇത് കൂട്ടപ്പിരിച്ചുവിടലുകളുടെ കാലമാണ്. ഒന്ന് നേരം വെളുക്കുമ്പോഴേക്കും പലരും തൊഴിൽരഹിതരാകുന്നു. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയായിരിക്കും ഈ പിരിച്ചുവിടൽ. പുനഃസംഘടനയുടെ ഭാഗമായി, തങ്ങളുടെ എഞ്ചിനീയറിങ് ടീമിലെ 150 അംഗങ്ങളെ ഒറ്റരാത്രികൊണ്ട് പിരിച്ചുവിട്ടതായി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ റെഡ്ഡിറ്റിൽ വെളിപ്പെടുത്തുന്നു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഗ്രോസറി, റീട്ടെയിൽ ടെക്നോളജി കമ്പനിയായ 'ഹൈ-വി' (Hy-Vee) ആണ് തങ്ങളുടെ ഇന്ത്യൻ എഞ്ചിനീയറിങ് സെന്‍റര്‍ പെട്ടെന്ന് പൂട്ടി 150ഓളം ജീവനക്കാരെ ഒഴിവാക്കിയത്. ഒരു മുന്നറിയിപ്പും കൂടാതെയാണ് മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടത്. ശമ്പളമോ മറ്റ് പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകാനോ കമ്പനി തയ്യാറായില്ല.
ജൂൺ 23ന് രാത്രി 9 മണിക്ക് ജീവനക്കാർക്ക് അടിയന്തരമായി മൈക്രോസോഫ്റ്റ് ടീംസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. മീറ്റിംഗിൽ വെച്ച് കമ്പനി 150 എഞ്ചിനീയർമാരെ പെട്ടെന്ന് തന്നെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. മീറ്റിംഗ് അവസാനിച്ചതിന് തൊട്ടുപിന്നാലെ, പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ കമ്പനി ഇമെയിൽ, സ്ലാക്ക് (Slack), മറ്റ് ഔദ്യോഗിക സിസ്റ്റങ്ങൾ എന്നിവയിലേക്കുള്ള ആക്സസ് ഉടനടി റദ്ദാക്കപ്പെട്ടു. ''1.8 വര്‍ഷത്തിന് ശേഷം ഹൈ-വീയിൽ നിന്ന് ഒറ്റരാത്രികൊണ്ട് പിരിച്ചുവിടപ്പെട്ടു" സോഫ്റ്റ്‌വെയർ എഞ്ചിനീയർ റെഡ്ഡിറ്റിൽ കുറിച്ചു. ഇന്‍റേൺ ആയിട്ടാണ് യുവാവ് കമ്പനിയിൽ ചേരുന്നത്.
അതേസമയം, ഹൈ-വീയുടെ ഇന്ത്യയിലെ എഞ്ചിനീയറിംഗ് ഡയറക്ടർ അമിത് ഗോയലും ലിങ്ക്ഡ്ഇനിൽ സ്ഥിതിഗതികൾ വിശദീകരിച്ചു. ജോലി നഷ്ടപ്പെട്ട തന്റെ സഹപ്രവർത്തകർ കഠിനാധ്വാനികളും മികച്ച കഴിവുകളുള്ളവരുമാണെന്നും, അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും അദ്ദേഹം മറ്റ് കമ്പനികളിലെ എക്സിക്യൂട്ടീവുകളോട് അഭ്യർഥിച്ചു. ആമസോൺ , മിന്ത്ര തുടങ്ങിയ പ്രമുഖ ആഗോള ടെക് കമ്പനികളിൽ നിന്ന് മാസങ്ങളോളം പരിശ്രമിച്ച് താൻ നേരിട്ട് തിരഞ്ഞെടുത്ത പ്രൊഫഷണലുകളാണ് ടീമിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16
