മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും; 15കാരൻ മരിച്ചു, മൂന്ന് കുട്ടികൾ ചികിത്സയിൽ
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അഖിലേഷിൻ്റെ മരണം സംഭവിച്ചിരുന്നു

- Updated:
2026-05-12 14:45:45.0

റായ്പുർ: ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ച 15കാരൻ മരണപ്പെട്ടു. മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ ജഞ്ച്ഗീർ-ചമ്പ ജില്ലയിലെ പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറാണ് മരിച്ചത്. കുടുംബത്തിലെ 12, 13, നാലും വയസുള്ള മൂന്ന് കുട്ടികൾ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബന്ധുക്കൾക്കൊപ്പം അമ്മവീട്ടിൽ എത്തിയതായിരുന്നു കുട്ടികൾ. അവിടെവെച്ച് മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസവും അനുഭവപ്പെട്ടതായും പിന്നീട് മറ്റ് മൂന്ന് കുട്ടികളിലും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയായും പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അഖിലേഷിൻ്റെ മരണം സംഭവിച്ചിരുന്നു.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ മണിക്കൂറുകൾക്ക് ശേഷമാണ് കഴിച്ചതെന്നും ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാമെന്നും ഡോക്ടർമാർ പറയുന്നു. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വിഭാഗം ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. 15കാരൻ്റെ ശരീര സാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണകാരണം വ്യക്തമാകാൻ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. എസ്. കുജൂർ പറഞ്ഞു.
Adjust Story Font
16
