Quantcast

17കാരിയെ കോളജിന് മുന്നിലിട്ട് കുത്തി മുൻ കാമുകൻ; പിന്നാലെ ആശുപത്രിയിലെത്തിച്ച് തടിയൂരാൻ ശ്രമം

സംഭവം കണ്ട് ആളുകൾ ഓടിയെത്തിയെങ്കിലും, പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്കെടുത്തിട്ട പ്രതി വേ​ഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

MediaOne Logo

Web Desk

  • Published:

    28 Aug 2023 4:01 PM GMT

Teen stabbed, kidnapped, then taken to hospital by ex-lover in Karnataka
X

ബെം​ഗളൂരു; 17കാരിയായ വിദ്യാർഥിനിയെ കോളജിന് മുന്നിലിട്ട് കുത്തി മുൻ കാമുകൻ. തുടർന്ന് താൻ വന്ന കാറിൽ തന്നെ എടുത്തിട്ട് കൊണ്ടുപോയ പ്രതി, ജീവൻ പോകുമെന്ന് മനസിലായതോടെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ, മുങ്ങാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കർണാടകയിലെ രാമന​ഗരയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

പ്രതി പെൺകുട്ടിയെ കോളജിന് മുന്നിൽ വച്ച് കുത്തുകയും തുടർന്ന് കാറിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിൽ വച്ച് രക്തം വാർന്നൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുത്തേറ്റ 17കാരി ആശുപത്രിയിൽ ചികിത്സയിലാണ്.

ദലിംബ ​ഗ്രാമവാസിയായ സഞ്ജന എന്ന പെൺകുട്ടിക്കാണ് കുത്തേറ്റത്. ഇതേ നാട്ടുകാരനായ ചേതൻ എന്ന യുവാവാണ് കുത്തിയത്. രാവിലെ 9.15ഓടെ സഹപാഠികൾക്കൊപ്പം പ്രീ-യൂനിവേഴ്സിറ്റി കോളജിൽ എത്തിയതായിരുന്നു പെൺകുട്ടി. കവാടത്തിനടുത്ത് എത്തിയപ്പോൾ ഇന്നോവ കാറിൽ പാഞ്ഞുവന്ന പ്രതി പെൺകുട്ടിക്ക് നേരെ വാഹനം ഓടിച്ചുകയറ്റുകയും പിന്നാലെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

കുത്തേറ്റുവീണ പെൺകുട്ടി അബോധാവസ്ഥയിലായി. സംഭവം കണ്ട് ആളുകൾ ഓടിയെത്തിയെങ്കിലും, പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്കെടുത്തിട്ട പ്രതി വേ​ഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആളുകൾ കല്ലെറിഞ്ഞ് കാർ നിർത്താൻ ശ്രമിച്ചെങ്കിലും ഇയാൾ നിർത്തിയില്ല.

കാറിന്റെ നമ്പർ കുറിച്ചെടുത്ത നാട്ടുകാർ ഉടനടി പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ, കാറിൽ വച്ച് പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകുന്നത് കണ്ട് പരിഭ്രാന്തനായ പ്രതി അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നാലെ ജിപിഎസ് ട്രാക്ക് ചെയ്ത് കാർ കിടക്കുന്ന സ്ഥലം മനസിലാക്കി സ്വകാര്യ ആശുപത്രിയിലെത്തിയ പൊലീസ്, വാഹനം കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഇവിടെ നിന്ന് തടിതപ്പാൻ ശ്രമിച്ച പ്രതിയെയും പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി ഇന്നോവ കാറിൽ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2020ൽ ചേതനും സഞ്ജനും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. എന്നാൽ സഞ്ജനയുടെ ഒരു ബന്ധുവിന് ഇരുവരുടേയും ബന്ധത്തിൽ താൽപര്യമില്ലാതാവുകയും ഇത് ഇരു കുടുംബങ്ങളിലും തർക്കത്തിലേക്ക് നയിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി തന്നിൽ നിന്ന് അകന്നതിൽ പ്രകോപിതനായ യുവാവ് ആക്രമിച്ചതാകാനാണ് സാധ്യത- രാമ​ന​ഗര എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞു.

TAGS :

Next Story