Quantcast

കാഞ്ച ഗച്ചിബൗളി വനനശീകരണത്തിനെതിരെ പോസ്റ്റ്; ഐഎഎസ് ഉദ്യോഗസ്ഥക്ക് നോട്ടീസ് അയച്ച് തെലങ്കാന പൊലീസ്

നേരത്തെ ബിൽക്കീസ് ​​ബാനു കേസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടത്തിയ അഭിപ്രായങ്ങൾക്ക് സ്മിത സബർവാൾ വിമർശനം നേരിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    18 April 2025 12:33 PM IST

കാഞ്ച ഗച്ചിബൗളി വനനശീകരണത്തിനെതിരെ പോസ്റ്റ്; ഐഎഎസ് ഉദ്യോഗസ്ഥക്ക് നോട്ടീസ് അയച്ച് തെലങ്കാന പൊലീസ്
X

ഹൈദരാബാദ്: ഹൈദരാബാദിലെ കാഞ്ച ഗച്ചിബൗളി വനനശീകരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച ഐഎഎസ് ഉദ്യോഗസ്ഥ സ്മിത സബർവാളിന് നോട്ടീസ്. ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമുള്ള 400 ഏക്കർ വനം നശിപ്പിക്കാൻ തീരുമാനിച്ച തെലങ്കാന സർക്കാരിന്റെ നടപടിയെ വിമർശിക്കുന്ന പോസ്റ്റാണ് സ്മിത പങ്കുവെച്ചത്. 'ഹായ് ഹൈദരാബാദ്' എന്ന എക്സ് ഹാൻഡിൽ പങ്കുവെച്ച ഗിബ്ലി ചിത്രം സ്മിത റീപോസ്റ്റ് ചെയ്യുകയായിരുന്നു.

400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ച് ഐടി പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ദിവസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു സ്മിതയുടെ പോസ്റ്റ്. പിന്നാലെ പദ്ധതി ഉപേക്ഷിച്ച തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ 2000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമി ഇക്കോ പാര്‍ക്കാക്കി മാറ്റാൻ പദ്ധതി തയ്യാറാക്കിയിരുന്നു. സുപ്രിംകോടതിയുടെ സ്റ്റേക്ക് പിന്നാലെയാണ് പ്രദേശത്തെ ലോകത്തിലെ ഏറ്റവും വലിയ ഇക്കോ പാര്‍ക്കുകളില്‍ ഒന്നായി മാറ്റാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.

തെലങ്കാന ടൂറിസം, സാംസ്കാരികം, യുവജനകാര്യ വകുപ്പിന്റെ സെക്രട്ടറിയാണ് 47 കാരിയായ സബർവാൾ. നേരത്തെയും, നിരവധി വിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ മൂലം ഇവർ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ബിൽക്കീസ് ​​ബാനു കേസ്, വികലാംഗർക്കുള്ള സംവരണത്തെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങൾ, കരിക്കേച്ചറിനെതിരെ നിയമനടപടി സ്വീകരിച്ച നീക്കം തുടങ്ങിയവ അതിൽ ചിലതാണ്.

2022 ഓഗസ്റ്റിൽ, ബിൽക്കീസ് ​​ബാനു ബലാത്സംഗ കേസിലെ 11 കുറ്റവാളികളെ വിട്ടയച്ചതിനെതിരെ സ്മിത പങ്കുവെച്ച പോസ്റ്റ് വലിയ വിമർശനം നേരിട്ടിരുന്നു. ബിൽക്കീസ് ബാനു കേസിനെ സംബന്ധിച്ച വാർത്തകൾ വായിച്ച് താൻ അവിശ്വാസത്തോടെ ഇരിക്കുകയാണെന്നായിരുന്നു സ്മിത എക്‌സിൽ കുറിച്ചത്. ഭയമില്ലാതെ സ്വതന്ത്രമായി ശ്വസിക്കാനുള്ള ബിൽക്കീസ് ബാനുവിന്റെ അവകാശത്തെ നമുക്ക് വീണ്ടും കവർന്നെടുക്കാൻ സാധിക്കില്ലെന്നും, ഒരു സ്വതന്ത്ര രാഷ്ട്രം എന്ന് നമ്മൾ സ്വയം വിളിക്കരുതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. വലിയ വിമർശനമാണ് അന്ന് സ്മിതക്ക് നേരെ ഉയർന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ, അഖിലേന്ത്യാ സർവീസസിൽ (എഐഎസ്) വികലാംഗർക്ക് (പിഡബ്ല്യുഡി) സംവരണം നൽകേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് സ്മിത പങ്കുവെച്ച പോസ്റ്റും രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായിരുന്നു. പൂജ ഖേദ്കർ വിവാദത്തിനിടയിലായിരുന്നു പരാമർശം.

TAGS :

Next Story