സംസ്ഥാനത്ത് പകുതിയിലധികവും പിന്നാക്കവിഭാഗക്കാർ; ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിട്ട് തെലങ്കാന
റിപ്പോർട്ട് ചർച്ച ചെയ്യാൻ തെലങ്കാന സർക്കാർ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

ഹൈദരബാദ്: ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിട്ട് തെലങ്കാന. മന്ത്രി ഉത്തം കുമാർ റെഢിയാണ് മന്ത്രിസഭയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാനത്തെ 3.7 കോടി ജനസംഖ്യയുടെ 56.33 ശതമാനവും പിന്നാക്ക (ഒബിസി) വിഭാഗത്തിൽപ്പെട്ടവരാണെന്ന് ജാതി സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് ചർച്ച ചെയ്യാൻ തെലങ്കാന സർക്കാർ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
തെലങ്കാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ജാതി സെൻസസ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 56.33 ശതമാനം പിന്നാക്ക വിഭാഗങ്ങളാണെന്നും അവരിൽ 10.08 ശതമാനം ഒബിസി മുസ്ലിംകളാണെന്നും സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മൊത്തം ജനസംഖ്യയുടെ 17.43 ശതമാനം പട്ടികജാതി (എസ്‌സി)ക്കാരാണ്. 10.45 ശതമാനമാണ് പട്ടികവർഗ(എസ്‌ടി) ജനസംഖ്യ. 12.56 ശതമാനം മുസ്ലിം വിഭാഗത്തിൽ 10.85% ഒബിസി വിഭാഗമാണ്. മറ്റ് ജാതി വിഭാഗത്തിൽപ്പെട്ടവർ 15.79% ആണെന്നും ജാതി സെൻസസ് കണക്കുകൾ വിശദമാക്കുന്നു. മൊത്തം ജനസംഖ്യയിൽ 50.51 ശതമാനം പുരുഷന്മാരും 49.45 ശതമാനം സ്ത്രീകളുമാണ്.
ജാതി സർവേ റിപ്പോർട്ട് അംഗീകരിക്കാൻ നിയമസഭാ സമ്മേളനത്തിന് മുമ്പ് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. 2024 ഫെബ്രുവരിയിലാണ് സർവേയിക്ക് തെലങ്കാന മന്ത്രിസഭ അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് സർവേ നടന്നത്. രാജ്യത്ത്, നേരത്തെ ബിഹാറും ആന്ധ്രപ്രദേശും ജാതി സെൻസസ് നടത്തിയിട്ടുണ്ട്. കർണാടകയിലും നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല.
Adjust Story Font
16

