Quantcast

എന്തുകഴിക്കണം, എന്തുധരിക്കണം, ഏതുഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാൻ എന്തുകൊണ്ട് അനുവദിക്കുന്നില്ല? കെ ടി രാമറാവു

'നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി'

MediaOne Logo

Web Desk

  • Updated:

    2022-04-10 06:26:03.0

Published:

10 April 2022 6:18 AM GMT

എന്തുകഴിക്കണം, എന്തുധരിക്കണം, ഏതുഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാൻ എന്തുകൊണ്ട് അനുവദിക്കുന്നില്ല? കെ ടി രാമറാവു
X

ഹൈദരാബാദ്: ഭാഷാ വര്‍ഗീയതയ്ക്കുള്ള ഏതുശ്രമവും തിരിച്ചടിക്കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു കെ ടി രാമറാവു.

"നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ശക്തി, പ്രിയ അമിത് ഷാ ജി. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആണ്. യഥാർഥ വസുധൈവ കുടുംബം. എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാർഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാൻ നമ്മുടെ മഹത്തായ രാഷ്ട്രത്തിലെ ആളുകളെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? ഭാഷാ വർഗീയത/ആധിപത്യം ബൂമറാങാവും"- മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവു പറഞ്ഞു.

"ഞാൻ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്. അടുത്തത് അഭിമാനിയായ തെലങ്കാനക്കാരനാണ്. മാതൃഭാഷയായ തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, അൽപ്പം ഉറുദു എന്നിവ സംസാരിക്കാൻ കഴിയും. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതും ഇംഗ്ലീഷിനോട് അതൃപ്തി കാണിക്കുന്നതും ഈ രാജ്യത്തെ യുവാക്കളോട് ചെയ്യുന്ന വലിയ ദ്രോഹമാണ്"- കെടിആർ പറഞ്ഞു.

ഇംഗ്ലീഷ് വേണ്ട, ഹിന്ദി മതിയെന്ന് അമിത് ഷാ

പാര്‍ലമെന്‍ററി ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ 37ആം യോഗത്തിലാണ് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ പറഞ്ഞത്- " ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം"- ഇതാണ് അമിത് ഷാ പറഞ്ഞത്.

ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയില്‍ പ്രാഥമിക പരിജ്ഞാനം നല്‍കണം. ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. മന്ത്രിസഭാ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

"ഒരു രാഷ്ട്രം, ഒരു ഭാഷ" എന്ന ആശയം ഇതിനു മുന്‍പും അമിത് ഷാ മുന്നോട്ടുവെച്ചിട്ടുണ്ട്. 2019ൽ ഹിന്ദി ദിവസിൽ അമിത് ഷാ പറഞ്ഞതിങ്ങനെ- "ഇന്ത്യ വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ രാജ്യത്തിനാകെ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് ലോകത്തിനു മുന്‍പിലെ നമ്മുടെ രാജ്യത്തിന്‍റെ സ്വത്വമാണ്. രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കിൽ, അത് ഹിന്ദിയാണ്". കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിച്ചു.

TAGS :

Next Story