കോളജ് യൂണിയൻ മുറി തുറന്ന അധികൃതർ ഞെട്ടി; ലക്ഷകണക്കിന് രൂപയുടെ കറൻസികൾ ചിതലരിച്ച നിലയിൽ; രഹസ്യമായി ഉണ്ടാക്കിയ അത്യാധുനിക കിടപ്പുമുറികൾ; ഒപ്പം തോക്കും മദ്യക്കുപ്പികളും
കാലവർഷത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് അധികൃതർ മുറി തുറന്നത്

- Published:
4 Jun 2026 5:07 PM IST

കൊൽക്കത്ത: കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ യൂണിയൻ റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് സുട്കേസുകളിൽ നിന്നായി ലക്ഷകണക്കിന് രൂപയുടെ കറൻസി നോട്ടുകൾ കണ്ടെടുത്തു.
ഇതിൽ പലതും നിരോധിച്ചതും ചിതൽ അരിച്ചതുമായ നോട്ടുകളായിരുന്നു. നോട്ടുകൾ കൂടാതെ തോക്കും മദ്യക്കുപ്പികളും കോളേജ് കാമ്പസിനുള്ളിൽ രണ്ട് അത്യാധുനിക എസി കിടപ്പുമുറികളും അന്വേഷണത്തിൽ കണ്ടെത്തി. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് എങ്ങനെ വർഷങ്ങളോളം രഹസ്യമായി സൂക്ഷിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കാത്തതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ഒരു വർഷമായി യൂണിയൻ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ യൂണിയൻ റൂമിൽ 24 കാരിയായ ഒരു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനെ തുടർന്നാണ് കോടതി യൂണിയൻ റൂമുകൾ പൂട്ടാൻ ഉത്തരവിട്ടത്.
കാലവർഷത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് മുറിയിലെ ഒരു അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് പഴയ സുട്കേസുകൾ തൊഴിലാളികൾ തുറന്നത്. ഇതിലാണ് പണം കണ്ടെത്തിയത്. സുട്കേസുകളിൽ 100, 500 രൂപ നോട്ടുകളുടെ കെട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇവ കേടുപാടുകൾ സംഭവിച്ചതും ജീർണ്ണിച്ചതുമായ അവസ്ഥയിലായിരുന്നു.
സുട്കേസുകളും ചില രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായി എത്ര തുകയുണ്ടെന്നും, എത്ര കാലമായി ഈ സുട്കേസുകൾ അവിടെ കിടക്കുന്നുണ്ടെന്നും, ആർക്കൊക്കെയായിരുന്നു ഈ മുറിയിൽ പ്രവേശനമുണ്ടായിരുന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
Adjust Story Font
16
