Quantcast

രണ്ട് വിമാനാപകടങ്ങള്‍, രക്ഷപ്പെട്ടത് രണ്ടുപേര്‍; ജീവന്‍ രക്ഷിച്ചത് 11A സീറ്റ്

1998 ല്‍ നടന്ന വിമാനപകടത്തില്‍ രക്ഷപ്പെട്ട വ്യക്തിയും ഇരുന്നത് 11A സീറ്റില്‍

MediaOne Logo

Web Desk

  • Published:

    14 Jun 2025 12:37 PM IST

രണ്ട് വിമാനാപകടങ്ങള്‍, രക്ഷപ്പെട്ടത് രണ്ടുപേര്‍; ജീവന്‍ രക്ഷിച്ചത് 11A സീറ്റ്
X

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഒരേ ഒരു വ്യക്തിയാണ് വിശ്വസ് കുമാര്‍ രമേഷ്. എമര്‍ജന്‍സി എക്‌സിറ്റിനോട് ചേര്‍ന്നുള്ള 11A എന്ന സീറ്റിലാണ് വിശ്വസ് ഇരുന്നത്. വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റായതിനാല്‍ ഒട്ടുമിക്ക യാത്രക്കാരും ഇരിക്കാന്‍ ഇഷ്ടപ്പെടാത്ത സീറ്റായിരുന്നു 11A. എന്നാല്‍ ഇന്ത്യയിലെ വിമാനാപകടത്തില്‍ രക്ഷപ്പെട്ട വ്യക്തി ഇരുന്നത് ഈ സീറ്റിലാണ് എന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് തായ് ഗായകനും നടനുമായ ജെയിംസ് റുവാന്‍സാക്ക് ലോയ്‌സാക്ക്.

കാരണം 1998 ഡിസംബറില്‍ തായ് എയര്‍വേ വിമാനം TG161 ദക്ഷിണ തായ്‌ലന്‍ഡില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ജെയിംസും ഈ സീറ്റിലായിരുന്നു ഇരുന്നത്. 27 വര്‍ഷം മുമ്പുള്ള ആ വിമാനാപകടത്തില്‍ 101 പേരാണ് മരിച്ചത്. അപകടത്തെ അതിജീവിച്ച ഒരാളായിരുന്നു ജെയിംസ്. അന്ന് 11A എന്ന സീറ്റില്‍ ഇരുന്നതിനെക്കുറിച്ചും പിന്നീടുണ്ടായ ട്രോമയെക്കുറിച്ചുമെല്ലാം അദ്ദേഹം പലപ്പോഴായി സംസാരിച്ചിരുന്നു. അന്നത്തെ അപകടത്തിന് ശേഷം പത്തുവര്‍ഷത്തോളം അദ്ദേഹം വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല. അതിനാല്‍ തന്നെ എയര്‍ ഇന്ത്യ 171 തകര്‍ന്നപ്പോള്‍ ജെയിംസ് ആ വാര്‍ത്ത മറ്റാരേക്കാളും ശ്രദ്ധിച്ചു.

അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. ''ഇന്ത്യയിലെ വിമാനാപകടത്തില്‍ രക്ഷപ്പെട്ട വ്യക്തിയും ഞാന്‍ ഇരുന്ന 11A എന്ന അതേ സീറ്റിലാണ് ഇരുന്നത്. അതിശയം തോന്നുന്നു. മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു,'' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിമാനാപകടത്തെ അതിജീവിച്ച രണ്ടുപേരും ഇരുന്നത് ഒരേ സീറ്റിലാണെന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. പലരും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിചിത്രമായ സംഭവമെന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.

വിമാനാപകടങ്ങളെ അതിജീവിച്ച പലരും സംഭവത്തില്‍ പ്രതികരണമായി രംഗത്തെത്തി. ഇന്ത്യയിലെ വിമാനാപകടം വലിയ ഞെട്ടലുണ്ടാക്കിയെന്നാണ് 1985 ലെ നേവാഡയിലുണ്ടായ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ജോര്‍ജ് ലാംസണ്‍ പറഞ്ഞത്. ജീവിച്ചിരിക്കുന്ന കാലം വരെ ദുരന്തത്തിന്റെ ഓര്‍മ അതിജീവിച്ചവരുടെ മനസില്‍ നിന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന രണ്ടുദുരന്തങ്ങളിലും അതിജീവിച്ചവര്‍ ഇരുന്ന 11A എന്ന സീറ്റ് അതിജീവനത്തിന്റെ പ്രതീകമായായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

11A സീറ്റ് പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് അഹമ്മദാബാദ് വിമാനാപകടത്തിന് മുമ്പ് പുറത്തുവിട്ട ഒരു ട്രാവല്‍ ബ്ലോഗില്‍ പ്രത്യേകം എടുത്ത് പറഞ്ഞത്. ശരിയായ രീതിയിലുള്ള ജനാലകള്‍ ഇല്ല, വളരെ ഇടുങ്ങിയ സ്ഥലം, വൈകി എത്തുന്ന സേവനങ്ങള്‍, ഇക്കാരണങ്ങള്‍ കൊണ്ട് ആരും ഇഷ്ടപ്പെടാത്ത സീറ്റായിരുന്നു 11A. ഈ കാരണങ്ങള്‍ കൊണ്ട് വിമാനത്തില്‍ യാത്ര ചെയ്യുന്ന പലരും ഈ സീറ്റ് തെരഞ്ഞെടുക്കാറില്ല. യാത്രക്ക് തീരെ കംഫേര്‍ട്ടബിളല്ലാത്ത സീറ്റായാണ് ഇതുവരെ 11A എന്ന സീറ്റിനെ കണ്ടത്. എന്നാല്‍ രണ്ട് വലിയ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേരും ഇരുന്നത് ആരും ഇഷ്ടപ്പെടാത്ത 11A എന്ന സീറ്റിലാണ്.

അതേസമയം, അഹമ്മദാബാദ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വസ് കുമാര്‍ രമേശിനെ കാണാന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തി. അപകട വിവരങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്ന് ചോദിച്ച് അറിഞ്ഞു. വിമാനത്തില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം ആംബുലന്‍സിന് അരികിലേക്ക് നടന്നു. കടുത്ത വേദന ഉണ്ടെങ്കിലും അവയെ അതിജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണെന്ന് ഡോക്ടര്‍മാര്‍ വിശ്വസിനെക്കുറിച്ച് പറഞ്ഞു.

TAGS :

Next Story