ദിവസം 20 മുട്ട, അഞ്ച് ലിറ്റര്‍ പാല്‍, രണ്ടുനേരം എണ്ണക്കുളി, ഭാരം 1500 കിലോ; ആൻമോൾ എന്ന പോത്തിന്റെ വില 23 കോടി
പുഷ്‌കറില്‍ നടക്കുന്ന കന്നുകാലി ചന്തയില്‍ പങ്കെടുക്കാനെത്തിയതാണ് ഹരിയാനയിലെ സിര്‍സ ജില്ലയില്‍ നിന്നും ആന്‍മോള്‍

Photo|Instagram
പുഷ്‌കര്‍: ഭീമാകാരമായ ശരീരവും തിളങ്ങുന്ന ചര്‍മവുമുള്ള ആന്‍മോള്‍ എന്ന പോത്താണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. പുഷ്‌കറില്‍ നടക്കുന്ന കന്നുകാലി ചന്തയില്‍ പങ്കെടുക്കാനെത്തിയതാണ് ഹരിയാനയിലെ സിര്‍സ ജില്ലയില്‍ നിന്നും ആന്‍മോള്‍. ഏകദേശം 1500 കിലോയിലധികമാണ് ഈ പോത്തിന്റെ ഭാരം. 23 കോടി രൂപയാണ് ഈ പോത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
പുഷ്‌കര്‍ മേളയിലേക്ക് പങ്കെടുക്കാനെത്തുന്ന ഈ പോത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആന്‍മോള്‍ എന്നതിന് 'വിലമതിക്കാനാകാത്തത്' എന്നാണ് അര്‍ഥം. ഭീമാകാരമായ ശരീര ഘടനയും, തിളങ്ങുന്ന രോമം നിറഞ്ഞ ചര്‍മവുമാണ് ഈ പോത്തിനെ വ്യത്യസ്തമാക്കുന്നത്. എട്ടുവയസ് പ്രായമുള്ള ഈ പോത്തിന്റെ ദിനേനയുള്ള പരിചരണത്തിനായുള്ള ചെലവ് ഏകദേശം 1500 രൂപയാണ്.
250 ഗ്രാം ബദാം, നാലുകിലോയോളം മാതള നാരങ്ങ, 30 പഴം, അഞ്ച് ലിറ്റര്‍ പാല്‍, 20 മുട്ട തുടങ്ങി പോഷക സമ്പന്നമാണ് ആന്‍മോളിന്റെ ഭക്ഷണക്രമം. കൂടാതെ നെയ്യ്, സോയബീന്‍, ചോളം, പച്ചപ്പുല്ല് എന്നിവയും നല്‍കുന്നു. ഇതാണ് അസാമാന്യ രീതിയിലുള്ള ശരീരഘടനയുടെ രഹസ്യമെന്ന് ഉടമ വ്യക്തമാക്കുന്നു. തീര്‍ന്നില്ല, ദിവസവും രണ്ടുനേരം എണ്ണതേച്ച് മിനുക്കിയാണ് ഈ പോത്തിനെ കുളിപ്പിക്കുന്നത്. ബദാം ഓയിലും കടുകെണ്ണയും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ ഈ എണ്ണക്കുളിയാണ് തിളങ്ങുന്ന ശരീരത്തിന്റെ പിന്നില്‍.
ഏകദേശം 1,83,000 ആളുകളാണ് ഈ വൈറല്‍ പോത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം കണ്ടത്. മേളയിലെത്തിയ 800 കിലോയോളം ഭാരമുള്ള യുവരാജ് എന്ന പോത്തും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. 35 ലക്ഷം രൂപയാണ് യുവരാജിന്റെ വില.
ഒക്‌ടോബര്‍ 30നാണ് പുഷ്‌കറിലെ കന്നുകാലിച്ചന്ത ആരംഭിച്ചത്. നവംബര്‍ അഞ്ചിന് മേള അവസാനിക്കും.
Adjust Story Font
16

