Quantcast

വന്ദേമാതരം ആലപിച്ചില്ലെങ്കിൽ പാകിസ്താനിലേക്ക് പോകാൻ ബിജെപി എംഎൽഎ; ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ലെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ

'എന്റെ പൂർവികർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണ്'- ആസ്മി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-11-07 17:24:28.0

Published:

7 Nov 2025 10:49 PM IST

The country doesnt belong to anyones father Says SP MLA Abu Azmi To BJP
X

Photo| Special Arrangement

മുംബൈ: വന്ദേമാതരം ആലാപന വിവാദത്തിനിടെ ഭീഷണിയുമായി ബിജെപി എംഎൽഎ. വന്ദേമാതരം ആലപിക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി എംഎൽഎ രാജ് കെ പുരോഹിത് പറഞ്ഞു. വന്ദേമാതരം ആലപിക്കാനാവില്ലെന്നും അതിനുള്ള ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് എംഎൽഎയുടെ ഭീഷണി.

'വന്ദേമാതരം ആലപിക്കണം, രാജ്യത്തെ ബഹുമാനിക്കണം. നിങ്ങൾക്ക് രാജ്യത്തോട് സ്നേഹമില്ലെങ്കിൽ പാകിസ്താനിലേക്ക് പോകൂ. നിങ്ങൾ ഈ രാജ്യത്താണ് താമസിക്കുന്നത്, ഇവിടെ ഒരു എംഎൽഎയാണ്'- പുരോഹിത് ആസ്മിയോട് പറഞ്ഞു. എന്നാൽ ഇതിന് മറുപടിയുമായി അബു ആസ്മി രം​ഗത്തെത്തി. രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്നും രാജ്യം അവരുടേതെന്നതുപോലെ തന്റെയും കൂടിയാണെന്നും ആസ്മി തുറന്നടിച്ചു.

'എന്റെ പൂർവികർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണ്. ഭരണത്തിന് പകരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി സർക്കാർ രാജ്യത്തെ നശിപ്പിച്ചു. വന്ദേമാതരവും ദേശസ്‌നേഹവും രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. തന്നെ ലക്ഷ്യം വയ്ക്കാനുള്ള ആയുധമായി ദേശഭക്തി​ഗാനത്തെ ഉപയോഗിക്കുകയാണ്'- ആസ്മി പറഞ്ഞു.

'വന്ദേമാതരത്തെയും അത് പാടാൻ ആഗ്രഹിക്കുന്നവരെയും താൻ ബഹുമാനിക്കുന്നുണ്ടെങ്കിലും അത് ചൊല്ലാൻ ആരെയും നിർബന്ധിക്കാനാവില്ല. ഈ രാജ്യം എല്ലാവരുടേതുമാണ്. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഒരു വ്യക്തിക്കും അവരുടെ മതം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല'- ആസ്മി വ്യക്തമാക്കി.

'വന്ദേമാതരം പാടാൻ ആഗ്രഹിക്കുന്നവർ മടികൂടാതെ അത് പാടണം. ഞങ്ങൾ ഒരിക്കലും അതിനെ എതിർത്തിട്ടില്ല. ഇനിയും എതിർക്കില്ല. മുസ്‌ലിംകൾ‌ ജന ഗണ മന പാടുന്നു, പക്ഷേ വന്ദേമാതരം പാടുന്നില്ല. കാരണം അതിലെ ചില വാക്കുകൾ ഇസ്‌ലാമിന്റെ തത്വങ്ങൾക്ക് എതിരാണ്. അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാളെ മറ്റാരെയും ആരാധിക്കാൻ നിർബന്ധിക്കാനാവില്ല'- വന്ദേമാതരം ചൊല്ലാൻ വിസമ്മതിച്ചതിനെതിരെ പ്രതിഷേധിച്ച ബിജെപിയോട് ആസ്മി പറഞ്ഞു.

'ആരെയെങ്കിലും നിർബന്ധിച്ച് എന്തെങ്കിലും ചൊല്ലാൻ നിർബന്ധിക്കാനാവില്ല. അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും സ്വന്തം മാതാവിനെ പോലും ആരാധിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഇസ്‌ലാം അനുസരിച്ച് ഭൂമിയെയും സൂര്യനേയും ആരാധിക്കാൻ കഴിയില്ല'- അദ്ദേഹം വിശദമാക്കി. ഭരണകക്ഷിയായ എൻ‌ഡി‌എ വികസനത്തെ അവഗണിക്കുകയാണെന്നും ആസ്മി കൂട്ടിച്ചേർത്തു.

ദേശഭക്തി​ഗാനത്തിന്റെ 150-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി, മുംബൈ ബിജെപി പ്രസിഡന്റ് അമീത് സതം വ്യാഴാഴ്ച തന്റെ വസതിക്ക് സമീപം സംഘടിപ്പിച്ച വന്ദേമാതരം ആലാപനത്തിൽ പങ്കെടുക്കാൻ ആസ്മിയെ ക്ഷണിച്ചതിനു പിന്നാലെയാണ് വിവാദം ആരംഭിച്ചത്.

സതമിന്റെ ക്ഷണത്തിന് നന്ദി പറഞ്ഞ ആസ്മി, വന്ദേമാതരം ചൊല്ലുന്നത് മുസ്‌ലിംകൾക്ക് അനുവദനീയമല്ലെന്നും അതിലെ ചില വരികൾ ഹിന്ദു വിശ്വാസത്തിലെ ആരാധനയുമായും പ്രാർഥനയുമായും ബന്ധപ്പെട്ടിരിക്കുന്നതാണെന്നും വ്യക്തമാക്കി. 'നിങ്ങൾക്ക് എന്നോടൊപ്പം നമസ്കാരത്തിൽ പങ്കുചേരാൻ കഴിയാത്തതുപോലെ, എനിക്ക് വന്ദേമാതരം പാടാനും കഴിയില്ല. ഏതെങ്കിലും വ്യക്തിയെ ദേശഭക്തി​ഗാനം ആലപിക്കാൻ നിർബന്ധിക്കുന്നത് അവരുടെ മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിക്കുമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്'- അദ്ദേഹം മറുപടിക്കത്തിൽ വിശദമാക്കി. ഇതിനു പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധം ആരംഭിച്ചത്.

നേരത്തെ, സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നതിനെ എതിർത്ത ആസ്മി, ഗാനത്തെ ബഹുമാനിക്കുമ്പോൾ തന്നെ അത് എല്ലാവരും ആലപിക്കണമെന്ന് അർഥമാക്കുന്നില്ലെന്നും പറഞ്ഞു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ദേശീയതയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ അതിന്റെ പൂർണരൂപം ആലപിക്കണമെന്നായിരുന്നു മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ നൽകിയ നിർദേശം. 1875 നവംബർ ഏഴിനാണ് ബങ്കിംചന്ദ്ര ചാറ്റർജി ദേശഭക്തി​ഗാനം എഴുതിയത്.

TAGS :

Next Story