മഹാസഖ്യത്തിൽ 'അടി' തീരുന്നു; സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആർജെഡി
കോൺഗ്രസ് 53 സീറ്റുകളിൽ മത്സരിക്കും

Photo|Special Arrangement
ന്യൂഡൽഹി: ബിഹാർ മഹാസഖ്യത്തിലെ പ്രതിസന്ധി ഒഴിയുന്നു. 143 സ്ഥാനാർഥികളുടെ പട്ടിക ആർ ജെ ഡി പുറത്തുവിട്ടു. കോൺഗ്രസ് 53 സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് പിസിസി അധ്യക്ഷൻ രാജേഷ് കുമാറിനെതിരെ ആർജെഡി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. മുഖ്യമന്ത്രി മോഹം ഇപ്പോൾ ഇല്ല എന്ന നിലപാടിലേക്ക് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാനും മാറിയിട്ടുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പിന്റെ അതിനിർണായക ദിവസമായ ഇന്നാണ് മഹാസഖ്യത്തിൽ ആർജെഡി-കോൺഗ്രസ് തർക്കമൊഴിഞ്ഞ് പട്ടിക പുറത്തു വന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും രണ്ടാം ഘട്ടത്തെ പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആർജെഡി 143 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയത്. പിസിസി അധ്യക്ഷനെതിരെ കുതുംബ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിയെ നിർത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പുറത്തുവന്ന പട്ടികയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോൺഗ്രസ് ഇന്നലെ അർധരാത്രിയോടെ ആറു സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് 53 സീറ്റുകളിൽ പട്ടിക ഒതുക്കി. ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടാഴ്ച ബാക്കിനിൽക്കെ പ്രചാരണരംഗം ശക്തമാക്കാൻ ഒരുങ്ങുകയാണ് മഹാസഖ്യം. അതേസമയം ബീഹാറിന് യുവ മുഖ്യമന്ത്രി എന്ന ചിരാഗ് പസ്വാന്റെ പ്രഖ്യാപനത്തിൽ അദ്ദേഹം പിന്നോട്ട് പോയിട്ടുണ്ട്. നാലു വർഷങ്ങൾക്കുശേഷം സംസ്ഥാനത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് പാസ്വാൻ വ്യക്തമാക്കുന്നത്.
ആദ്യ റാലിക്കായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് സംസ്ഥാനത്തെത്തുന്നത്. 12 റാലികളിൽ ആണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
Adjust Story Font
16

