Quantcast

ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു

MediaOne Logo

Web Desk

  • Published:

    9 Dec 2025 8:29 PM IST

Bomb threat; Kuwait-Hyderabad IndiGo flight makes emergency landing in Mumbai
X

ന്യൂഡൽഹി: ഇൻഡിഗോക്കെതിരെ നടപടിയുമായി വ്യോമയാന മന്ത്രാലയം. പത്ത് ശതമാനം ഇൻഡിഗോ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സൺ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്.

അമിത നിരക്ക് വർധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളിൽ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.

ആഭ്യന്തര വ്യോമയാന രംഗത്തെ ഇൻഡിഗോയുടെ കുത്തകയാണ് സമാനതകളില്ലാത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവ്വീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി.

ഇന്ന് 138 ഇടങ്ങളിൽ നിന്നായി 1800 സർവീസുകളും നാളെ 1900 സർവീസുകളും നടത്തുന്നുണ്ട്. യാത്രക്കാരുടെ ബാഗേജുകളിൽ വലിയൊരു പങ്ക് തിരികെ നൽകിയിട്ടുണ്ട്. റീഫണ്ട് നടപടികൾ വേഗത്തിലാക്കിയെന്നും ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ ഓൺ ടൈം പെർഫോർമൻസ് ഇന്ന് 90 ശതമാനത്തിലധികം രേഖപ്പെടുത്തിയത് സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.

TAGS :

Next Story