Quantcast

ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ ബലാത്സംഗ കേസിൽ നിർണായകമായത് മുബൈയിലെ പുതിയ കെട്ടിടം; കേസിലെ വഴിത്തിരിവ് ഇങ്ങനെ...

2016 ഡിസംബറിലാണ് മുബൈയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പതിനാലുകാരിയെ വയറു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി നാലു മാസം ഗർഭിണിയാണെന്ന ആശുപത്രി അധികൃതരുടെ കണ്ടെത്തലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

MediaOne Logo

Web Desk

  • Published:

    19 May 2025 1:52 PM IST

ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ ബലാത്സംഗ കേസിൽ നിർണായകമായത് മുബൈയിലെ പുതിയ കെട്ടിടം; കേസിലെ വഴിത്തിരിവ് ഇങ്ങനെ...
X

മുബൈ: 2017 ൽ മുബൈ പൊലീസിന്റെ പ്രതിമാസ മീറ്റിങ്ങ് നടക്കുന്ന സമയം. കേസുകളുടെ വിശകലനവും വിശദീകരണവും നടത്തുന്നതിനിടയിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പോലും കുഴക്കിയ ബലാത്സംഗ കേസ് ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെടുന്നത്. പ്രായപൂർത്തിയാവാത്ത ബധിരയും മൂകയുമായ പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക പീഡനകേസായിരുന്നു അത്. തെളിവുകൾ ലഭിക്കാതെ അന്വേഷണ സംഘം വഴിമുട്ടി നിൽക്കുകയായിരുന്നു.

കേസ് ഏറ്റെടുക്കാൻ തീരുമാനിച്ച ക്രൈംബ്രാഞ്ച് പെട്ടന്ന് തന്നെ കേസുമായി ബന്ധപ്പെട്ട് പറ്റാവുന്നത്ര വിവരങ്ങൾ ശേഖരിച്ചു. 2016 ഡിസംബറിലാണ് മുബൈയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പതിനാലുകാരിയെ വയറു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി നാലു മാസം ഗർഭിണിയാണെന്ന ആശുപത്രി അധികൃതരുടെ കണ്ടെത്തലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും കുട്ടിയുമായി സംസാരിക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ട് കേസന്വേഷണത്തിന് വിലങ്ങു തടിയായി. പ്രതിയെക്കുറിച്ച് തുമ്പൊന്നുമില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പി.

പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ആദ്യം ചെയ്തത് പെൺകുട്ടിയുമായി ആംഗ്യ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായം തേടുകയെന്നതാണ്. തെറാപ്പിസ്റ്റിന്റെ സഹായത്തോടെ പെൺകുട്ടിയുമായി ആശയവിനിമയത്തിന് ശ്രമിച്ചപ്പോഴെല്ലാം തന്റെ വീടിന് സമീപം പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടുക മാത്രമായിരുന്നു പെൺകുട്ടിയുടെ മറുപടി.

ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കുട്ടി പീഡനത്തിനിരയായ സമയത്ത് കെട്ടിടം നിർമാണത്തിലിരിക്കുകയായിരുന്നു എന്ന് മനസിലാക്കി. ഇതാണ് കേസിൽ വഴിത്തിരിവായത്.

കെട്ടിട നിർമാണത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും പേര് വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. തൊഴിലാളികൾ ഓരോരുത്തരെയായി കണ്ടെത്തി പെൺകുട്ടിയുടെ മുമ്പിൽ ഹാജരാക്കി. അപ്പോഴും ഒരാളെ മാത്രം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പെൺകുട്ടിയുടെ പീഡന വിവരം പുറത്തറിഞ്ഞയുടനെ ഉത്തർപ്രദേശിലേക്ക് കടന്ന ഇരുപതുകാരനായ അഖിലേഷ് ബാസ്ഫൂർ ആയിരുന്നു അത്.

കോൺട്രാക്ടറുടെ കൈയ്യിൽ നിന്ന് ലഭിച്ച നമ്പറിൽ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അഖിലേഷിന് കൃത്യത്തിൽ പങ്കുണ്ടെന്ന ബലമായ സംശയത്തിൽ അന്വേഷണ സംഘം ഉത്തർപ്രദേശിലെ അഖിലേഷിന്റെ ഗ്രാമത്തിലേക്ക് തിരിച്ചു. അവിടെ വെച്ച് അഖിലേഷിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അങ്ങനെ 2017 ജൂലൈയിൽ പൊലീസിനെ കുഴക്കിയ ബലാത്സംഗ കേസിന് ഉത്തരം ലഭിച്ചു. നീതി ലഭിക്കാതെ അവസാനിക്കേണ്ടിയിരുന്ന കേസിന് വെറുമൊരു കെട്ടിടം സുപ്രധാന തെളിവായി മാറി.

TAGS :

Next Story