ആസ്തി 33,000 രൂപ! വിദ്യാഭ്യാസം പത്താം ക്ലാസ്, തമിഴ്‌നാട് നിയമസഭയിലെ സാധാരണക്കാരിയായി ടിവികെയുടെ താഹിറ
ലളിതമായ ജീവിതപശ്ചാത്തലവും കുറഞ്ഞ ആസ്തിയുമാണ് ഇവരെ മറ്റു സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

- Published:
12 May 2026 8:40 PM IST

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സ്വന്തം പേരിലാക്കി ശ്രദ്ധേയമായിരിക്കുകയാണ് ടിവികെയുടെ ഐ. താഹിറ. ഡിഎംകെയിലെ അതികായനും മുൻ മന്ത്രിയുമായ ആർ. ഗാന്ധിയെ റാണിപ്പേട്ട് മണ്ഡലത്തില്‍ 5,787 വോട്ടുകള്‍ക്കാണ് താഹിറ പരാജയപ്പെടുത്തിയത്.
ലളിതമായ ജീവിതപശ്ചാത്തലവും കുറഞ്ഞ ആസ്തിയുമാണ് ഇവരെ മറ്റു സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. വിജയ് രൂപീകരിച്ച ടിവികെയുടെ കന്നി അങ്കത്തിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു റാണിപ്പേട്ടിലേത്. ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ താഹിറയ്ക്ക് 91,000 വോട്ടുകളാണ് ലഭിച്ചത്. ആർ ഗാന്ധിക്ക് 85,362 വോട്ടുകളും ലഭിച്ചു.
2021ലെ തെരഞ്ഞെടുപ്പിൽ 1,03,291 വോട്ടുകളാണ് (49% വോട്ട് വിഹിതം) റാണിപ്പേട്ടില്‍ നിന്നും ആർ. ഗാന്ധി നേടിയിരുന്നത്. 86,793 വോട്ടുകൾ നേടിയ എഐഎഡിഎംകെ-യിലെ എസ്.എം. സുകുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത്. 16,498 വോട്ടുകളായിരുന്നു 2021ലെ ആര്‍. ഗാന്ധിയുടെ ഭൂരിപക്ഷം. ഇതാണ് താഹിറ മറിച്ചിട്ട്, ആറായിരത്തിനടത്തെ ഭൂരിപക്ഷം സ്വന്തം പേരിലാക്കിയത്.
ഒരു സാധാരണക്കാരിയുടെ കരുത്തറിയിച്ചാണ് താഹിറ സഭയിലേക്കെത്തുന്നത്. വെറും 33,000 രൂപ മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള താഹിറയുടെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ല. വിജയ്‌യുടെ ആരാധക സംഘടനയിലൂടെ പാർട്ടിയിലെത്തിയ താഹിറ ടിവികെ. പ്രചാരണവിഭാഗം ജോയന്റ് സെക്രട്ടറിയായിരുന്നു. മുതിർന്ന രാഷ്ട്രീയ നേതാക്കൾ അണിനിരന്ന തെരഞ്ഞെടുപ്പ് കളത്തിൽ പണക്കൊഴുപ്പിനോ ആഡംബരത്തിനോ സ്ഥാനമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ സാധാരണക്കാരിയുടെ വിജയം.
അതേസമയം ആസ്തിയിൽ ഒന്നാമത് അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസാണ് മുഖ്യമന്ത്രി വിജയിക്ക് രണ്ടാംസ്ഥാനമാണുള്ളത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ ലീമ റോസ് മാർട്ടിന്റെ ആസ്തി 5863 കോടി രൂപയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അണ്ണാ ഡി.എം.കെ.യിൽ ചേർന്ന ലീമ തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽനിന്നാണ് ജയിച്ചത്. പെരമ്പൂരിൽനിന്ന് ജയിച്ച വിജയ്‌ക്ക് 649 കോടി രൂപയുടെ ആസ്തിയാണുള്ളത്.
Adjust Story Font
16
