'ആശയക്കുഴപ്പമുണ്ട്'; കർണാടകയിലെ നേതൃതർക്കത്തിനിടയിൽ പ്രതികരണവുമായി സിദ്ധരാമയ്യ
'ഡി.കെ ശിവകുമാർ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി'

ബംഗളുരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായുള്ള നേതൃതർക്കത്തിനിടയിൽ പരസ്യ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ' എംഎൽഎമാർക്ക് ഡൽഹിക്ക് പോവാൻ അവകാശമുണ്ട്. അവരുടെ അഭിപ്രായം എന്താണെന്ന് നോക്കാം. ആത്യന്തികമായി ഹൈക്കമാന്റാണ് തീരുമാനമെടുക്കേണ്ടത്. ഈ ആശയക്കുഴപ്പത്തിന് വിരാമമിടാൻ ഹൈക്കമാന്റ് തന്നെ പ്രതികരിക്കണ'മെന്നും സിദ്ധരാമയ്യ ബംഗളുരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.കെ ശിവകുമാറും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാരും ഡൽഹിയിലേക്ക് പോയതിനിടയിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. അതിനിടെ ഡി.കെ ശിവകുമാർ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, പരസ്യപ്രതികരണത്തിന് ഡി.കെ ശിവകുമാർ തയ്യാറായില്ല. കനകപുരയിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് നേതൃമാറ്റം സംബന്ധിച്ചുള്ള പരസ്യപ്രതികരണത്തിനില്ലെന്ന് ശിവകുമാർ പറഞ്ഞത്. 'ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. നേതൃത്വമാറ്റത്തിന്റെ കാര്യം അഞ്ചോ ആറോ പേരുടെ കാര്യമാണ്, ഞാൻ ഇതിനെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യില്ലെന്ന്' അദ്ദേഹം പറഞ്ഞു.
അടുത്ത ബജറ്റ് അവതരിപ്പിക്കുമെന്ന സിദ്ധരാമയ്യയുടെ അഭിപ്രായത്തെ അംഗീകരിക്കും എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. കർണാടകയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യമന്ത്രിയുടെ സംഭാവനയെ അംഗീകരിക്കുന്നു. 'നമ്മുടെ ലക്ഷ്യം 2028 ഉം 2029 ഉം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാർ ഡൽഹിയിൽ പോവുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിനെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. മന്ത്രിമാരാകുമെന്ന പ്രതീക്ഷയിലായിരിക്കണം എംഎൽഎമാർ ഡൽഹിക്ക് പോയിട്ടുണ്ടാവുക. ഞാൻ അവരെ വിളിക്കുകയോ അവരോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്തിനാണ് അവർ പോയതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടുപോലുമില്ലെന്നും ശിവകുമാർ പറഞ്ഞു.
Adjust Story Font
16

