Quantcast

'ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് തമിഴ് ചിത്രങ്ങൾ മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നത്': വിമർശനവുമായി പവൻ കല്യാൺ

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പവന്‍ കല്യാണിന്റെ വിമര്‍ശനം.

MediaOne Logo

Web Desk

  • Published:

    15 March 2025 12:11 PM IST

ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് തമിഴ് ചിത്രങ്ങൾ മൊഴിമാറ്റം ചെയ്ത് പണം ഉണ്ടാക്കുന്നത്: വിമർശനവുമായി പവൻ കല്യാൺ
X

ആന്ധ്രാപ്രദേശ്: ഹിന്ദി വിഷയത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍.

സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന ഇവര്‍ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പവന്‍ കല്യാണിന്റെ വിമര്‍ശനം.

“തമിഴ്‌നാട്ടിൽ ആളുകൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നു . അവർക്ക് ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി അവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു? ബോളിവുഡിൽ നിന്ന് പണം ആഗ്രഹിക്കുന്ന അവർക്ക് പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. എന്ത് തരത്തിലുള്ള യുക്തിയാണിത്?” പവൻ കല്യാൺ ചോദിക്കുന്നു.

ഹിന്ദി സംസാരിക്കുന്ന ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും എന്നാൽ ഹിന്ദി ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്നും പവൻ കല്യാൺ പറഞ്ഞു. ഹരിയാന, യുപി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ താമസിക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പവന്‍ കല്യാണിന്റെ വിമര്‍ശനം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷാ നയം നടപ്പിലാക്കില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പവന്‍ കല്യാണ്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുള്ളത്.

TAGS :

Next Story