Quantcast

തിരുപ്പറകുണ്‍റത്തില്‍ എന്തുകൊണ്ട് ദീപം തെളിച്ചില്ല; സുപ്രിംകോടതിയില്‍ വിശദീകരണം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

ഉത്തരവ് നടപ്പാക്കാനാവാത്തതില്‍ കലക്ടര്‍ നിഷാന്ത് കൃഷ്ണ നിരുപാധികം മാപ്പ് പറയുകയും ചെയ്തു

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-11-25 10:51:40

Published:

25 Nov 2026 4:16 PM IST

thirupparamkunram Tamil Nadu Blames Temple Board
X

ചെന്നൈ: മധുര തിരുപ്പറകുണ്‍റം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതിയില്‍ വിശദീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അനുമതി നല്‍കാത്തതാണ് ദീപം തെളിക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്ന് മധുര ജില്ലാ കലക്ടര്‍ സുപ്രിംകോടതിയില്‍ നല്‍കിയ പ്രാഥമിക സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഉത്തരവ് നടപ്പാക്കാനാവാത്തതില്‍ കലക്ടര്‍ നിഷാന്ത് കൃഷ്ണ നിരുപാധികം മാപ്പ് പറയുകയും ചെയ്തു.

ക്ഷേത്ര ദേവസ്ഥാനത്തിന്റെ അനുമതിയുള്ള സംഘം മാത്രമേ ചടങ്ങ് നടത്താവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഏകോപനച്ചുമതല മധുര ജില്ലാ കലക്ടര്‍ക്കായിരുന്നു. ദീപം തെളിയിക്കാന്‍ സര്‍ക്കാര്‍ എല്ലാ തയ്യാറെടുപ്പും നടത്തിയെങ്കിലും, നിയോഗിച്ച സംഘത്തിന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അനുമതി നല്‍കിയില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരങ്ങളും ആഗമശാസ്ത്ര ചട്ടങ്ങളും ചൂണ്ടിക്കാട്ടി ദീപത്തൂണില്‍ ദീപം തെളിയിക്കേണ്ടതില്ലെന്ന് ട്രസ്റ്റി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ദേവസ്ഥാനത്തിന്റെ അനുമതിയില്ലാതെ മറ്റൊരു സംഘത്തെ നിയോഗിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്നും കലക്ടര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

തിരുപ്പറകുണ്‍റം മലമുകളിലെ ദര്‍ഗക്കു സമീപത്തെ തര്‍ക്കവിഷയമായ ദീപത്തൂണില്‍ നവംബര്‍ 24ന് വൈകീട്ട് ആറിനും ആറരയ്ക്കുമിടയില്‍ ഒരുതവണ ദീപം തെളിയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, കല്‍ത്തൂണില്‍ കാര്‍ത്തിക തെളിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയാണ് ദീപം തെളിച്ചത്. ഇതിനെതിരെ ഹിന്ദു മുന്നണി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.

തിരുപ്പറന്‍കുണ്‍റം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭമായ ദീപത്തൂണില്‍ 2025 നവംബറില്‍ നിയമ-ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ ദീപം തെളിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ഭക്തനായ രാമ രവികുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി ദീപം തെളിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരേ ടിവികെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, നവംബര്‍ 24ന് ഒരുദിവസം മാത്രം ദീപത്തൂണില്‍ ദീപം തെളിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കുകയായിരുന്നു.

അതേസമയം, ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വമേധയാ ആരംഭിക്കാന്‍ സുപ്രിംകോടതി തയ്യാറായില്ല. കക്ഷികള്‍ക്ക് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാം. ഹരജി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.

TAGS :

Next Story