118 വർഷത്തെ പഴക്കം; 842 കോടി രൂപയുടെ വൻ മേക്കോവറിനൊരുങ്ങി ചെന്നൈ എഗ്‌മൂർ റെയിൽവേ സ്റ്റേഷൻ!
ദക്ഷിണ റെയിൽവേയുടെ (എസ്ആർ) ചെന്നൈ ഡിവിഷന്‍റെ കീഴിലാണ് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷൻ

- Published:
12 Jun 2026 5:52 PM IST

ചെന്നൈ: ചെന്നൈയിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ എഗ്മോർ സ്റ്റേഷന് ഇനി പുതിയ രൂപത്തിൽ.842 കോടി രൂപയുടെ വൻ മേക്കോവറിനൊരുങ്ങുകയാണ് തമിഴകത്തിന്‍റെ പഴമ വിളിച്ചോതുന്ന ഈ സ്റ്റേഷൻ. രാജ്യത്തുടനീളം 1,300-ലധികം റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കാൻ ലക്ഷ്യമിടുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് നവീകരണം.
ദക്ഷിണ റെയിൽവേയുടെ (എസ്ആർ) ചെന്നൈ ഡിവിഷന്‍റെ കീഴിലാണ് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷൻ .സ്റ്റേഷൻ 118 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം വ്യാഴാഴ്ച കേക്ക് മുറിച്ച് യാത്രക്കാർക്ക് വിതരണം ചെയ്തുകൊണ്ടാണ് റെയിൽവേ ഉദ്യോഗസ്ഥർ ആഘോഷിച്ചത്. 1908 മുതൽ പ്രവർത്തനക്ഷമമാണ് ഈ റെയിൽവെ സ്റ്റേഷൻ. ഇന്തോ-സാർസനിക് വാസ്തുവിദ്യാ ശൈലിയിലാണ് സ്റ്റേഷൻ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത് . സ്റ്റേഷന്റെ മുൻവശത്ത് ഏകദേശം 500 അടി നീളവും 71 അടി വീതിയുമുള്ള രണ്ട് നില കെട്ടിടമുണ്ട് . ബോട്ട് മെയിൽ ട്രെയിൻ ആദ്യമായി സർവീസ് നടത്തിയത് ഇവിടെ നിന്നാണ് എന്നതിനാൽ സ്റ്റേഷന് ചരിത്രപരമായ പ്രാധാന്യവുമുണ്ട് .
ദിവസേന 562 ട്രെയിനുകളാണ് ഈ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നത്. ഇതിൽ 442 സബർബൻ (Local) ട്രെയിനുകളും 120 മെയിൽ/എക്സ്പ്രസ്സ് ട്രെയിനുകളും ഉൾപ്പെടുന്നു.ഏറ്റവും തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ ശരാശരി 24,600-ലധികം യാത്രക്കാരാണ് ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്.പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്രയമായ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടെർമിനൽ സ്റ്റേഷനുകളിലൊന്നാണിത്.
നിലവിൽ 842 കോടി ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സ്റ്റേഷന്റെ ഇരുവശങ്ങളിലുമായി (ഗാന്ധി ഇർവിൻ റോഡ്, പൂനമല്ലി ഹൈറോഡ്) G+3 (നാല് നിലകൾ) ഘടനയിലുള്ള രണ്ട് ആധുനിക ടെർമിനലുകൾ നിർമ്മിക്കും. ഇവിടെ വെയിറ്റിങ് ലോഞ്ച്, ടിക്കറ്റിങ് കൗണ്ടറുകൾ, കൊമേഴ്സ്യൽ സ്പേസ്, റൂഫ് പ്ലാസ എന്നിവയുണ്ടാകും.
യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേകം വഴികളും പാർസൽ നീക്കത്തിനായി പ്രത്യേക ഫൂട്ട് ഓവർ ബ്രിഡ്ജ് , ആവശ്യത്തിന് ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിവ സ്ഥാപിക്കും.സ്റ്റേഷന്റെ ഇരുവശങ്ങളിലും G+6 (ആറ് നിലകൾ) ഘടനയിലുള്ള വൻ പാർക്കിങ് സൗകര്യം വരും. വാഹന പാർക്കിങ്ങിന് പുറമെ കൊമേഴ്സ്യൽ സ്പേസും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ബജറ്റ് ഹോട്ടലും ഇതിന്‍റെ ഭാഗമായി ഉണ്ടാകും.
Adjust Story Font
16
