പൊലീസുകാരിയെ ബലാത്സംഗം ചെയ്തു; എസ്ഐയും കോൺസ്റ്റബിൾമാരും അടക്കം നാല് പേർക്കെതിരെ കേസ്
ബലാത്സംഗത്തിന് ഇരയായ കോൺസ്റ്റബിളിനെ അച്ചടക്കലംഘനം ആരോപിച്ച് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

- Updated:
2026-01-08 13:17:19.0

ജയ്പ്പൂർ: പൊലീസുകാരിയെ ബലാത്സംഗം ചെയ്തതിന് എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും അടക്കം നാല് പേർക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർഷഹർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എട്ട് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
2017ൽ സർദാർഷഹർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരടക്കം നാല് പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിൾ ചുരു പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്ന് സിദ്ധ്മുഖ് എസ്എച്ച്ഒ ഇമ്രാൻ ഖാൻ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പൊലീസുകാർ അടക്കം നാല് പേർക്കെതിരെ സിദ്ധ്മുഖ് പൊലീസ് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
മുമ്പ് സർദാർഷഹർ സ്റ്റേഷനിൽ എസ്എച്ചഒയായിരുന്ന ഇപ്പോഴത്തെ സബ് ഇൻസ്പെക്ടർ സുഭാഷ്, കോൺസ്റ്റബിൾമാരായിരുന്ന രവീന്ദ്ര, ജയ്‌വീർ അടക്കമുള്ളവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിക്കി എന്നയാളാണ് നാലാമത്തെ പ്രതി.
അതേസമയം, ബലാത്സംഗത്തിന് ഇരയായ കോൺസ്റ്റബിളിനെ അച്ചടക്കലംഘനം ആരോപിച്ച് സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
നേരത്തെ, തെലങ്കാനയില്‍ വനിതാ ഹെഡ് കോൺസ്റ്റബിളിനെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായിരുന്നു. ജയശങ്കർ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്ഐ പി.വി.എസ് ഭവാനിസെൻ ഗൗഡാണ് അറസ്റ്റിലായത്. തുടർന്ന്, ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. 2024 ജൂണിലായിരുന്നു സംഭവം.
കഴിഞ്ഞവർഷം ഒക്ടോബറിൽ, മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കുറിപ്പെഴുതിവച്ച് വനിതാ ഡോക്ടർ ജീവനൊടുക്കിയിരുന്നു. സതാരയിലെ ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. സബ് ഇൻസ്പെക്ടറായ ഗോപാൽ ബദ്നെ അഞ്ച് മാസത്തിനിടെ നാല് തവണ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു സർക്കാരിനുള്ള കീഴിലുള്ള ഫൽതാൻ സബ് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടറുടെ പരാതി.
Adjust Story Font
16
