2025ൽ ആന്ധ്രയിലുണ്ടായത് മൂന്ന് ക്ഷേത്ര ദുരന്തങ്ങൾ; പൊലിഞ്ഞത് 22 ജീവനുകൾ, പരിക്കേറ്റത് 100ലേറെ പേർക്ക്
ഇത്ര വലിയ ജനക്കൂട്ടം എത്തുമെന്ന് ക്ഷേത്രം മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Photo| Special Arrangement
അമരാവതി: 'മിനി തിരുപ്പതി' എന്നറിയപ്പെടുന്ന ശ്രീകാകുളം കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 10 പേർ മരിച്ചതിന്റെ ഞെട്ടലിലാണ് ആന്ധ്രാപ്രദേശ്. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന പരിപാടിയിലേക്ക് അനുവദിച്ചതിനേക്കാളേറെ പേർ എത്തുകയും ആളുകള്‍ തിങ്ങി നിറഞ്ഞതോടെ ദുരന്തമുണ്ടാവുകയായിരുന്നു. പരിക്കേറ്റ നിരവധി പേരിൽ പലരുടേയും നില ഗുരുതരമാണ്.
ഇതുൾപ്പെടെ ഈ വർഷം മൂന്ന് ദുരന്തങ്ങളാണ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായത്. ഇതിൽ 22 പേർക്ക് ജീവൻ നഷ്ടമാവുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏപ്രിലിൽ വിശാഖപട്ടണത്തിന് അടുത്തുള്ള സിംഹാചലത്തിലെ ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് ഏഴ് പേരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
അതിനു മുമ്പ് ജനുവരിയിൽ തിരുമല കുന്നുകളിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ വൈകുണ്ഠദ്വാര ദർശനത്തിനായുള്ള ടിക്കറ്റുകൾക്കായി നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ തിരുപ്പതിയിലെ ബൈരാഗി പട്ടേഡയിൽ ഉണ്ടായ തിക്കിലും തിരക്കിലും ആറ് ഭക്തർ മരിക്കുകയും 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ആന്ധ്രാപ്രദേശ് മറ്റ് ദുരന്തങ്ങളെയും അഭിമുഖീകരിച്ചു. കുർണൂൽ ജില്ലയിൽ ബസ് നിയന്ത്രണംവിട്ട് റോഡിൽ കിടന്ന ബൈക്കിലിടിച്ചുണ്ടായ തീപിടിത്തത്തിൽ 19 പേരാണ് മരിച്ചത്. ഈ ആഴ്ചയിൽ 'മോൻത' ചുഴലിക്കാറ്റ് മൂലമുണ്ടായ 5,244 കോടി രൂപയുടെ നാശനഷ്ടവും ഇതിലുൾപ്പെടുന്നു. ഈയടുത്ത കാലത്ത് ഒക്ടോബറിലെ അവസാന ആഴ്ചയിൽ തുടങ്ങിയ ദുരന്തം നവംബർ ആദ്യവും തുടരുകയാണ്. പ്രകൃതി ദുരന്തങ്ങളും ക്ഷേത്ര അപകടങ്ങളും ഉൾപ്പെടെ സമീപകാലത്ത് ആന്ധ്രയ്ക്ക് ഏറ്റവും ദുരന്തം വിതച്ച ആഴ്ചകളിൽ ഒന്നാണ് ഇത്.
അതിനിടെ, ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ മാനേജ്മെന്റിനെതിരെ സർക്കാർ രംഗത്തെത്തി. ഏകാദശി ആഘോഷത്തോടനുബന്ധിച്ച് ഇത്ര വലിയ തിരക്കുണ്ടാകുമെന്ന് ക്ഷേത്ര മാനേജ്മെന്റ് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തർ അപ്രതീക്ഷിതമായി ഒഴുകിയെത്തിയതോടെ അവരെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ പൊലീസും ഒരുക്കിയിരുന്നില്ല.
ഇത്ര വലിയ ജനക്കൂട്ടം എത്തുമെന്ന് ക്ഷേത്രം മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 'കൃത്യമായ ആസൂത്രണം കൊണ്ട്, ചുഴലിക്കാറ്റിൽ കൂടുതൽ ജീവഹാനി ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, തിക്കിലും തിരക്കിലും പെട്ട് ക്ഷേത്രത്തിൽ നിരവധി പേർ മരിച്ചു. ഈ സംഭവത്തിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുക്കും'- അദ്ദേഹം പറഞ്ഞു.
ദുരന്തം നടന്ന ക്ഷേത്രം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളതല്ലെന്ന് ആന്ധ്രാപ്രദേശ് എൻഡോവ്‌മെന്റ് മന്ത്രി ആനം രാമനാരായണ റെഡ്ഡി പറഞ്ഞു. 'ഈ ക്ഷേത്രത്തിൽ സാധാരണ 2,000 മുതൽ 3,000 വരെ ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ന് ഏകാദശി ആയതിനാൽ 25,000 പേർ വരെ ഒരേസമയം എത്തി. അതിനനുസരിച്ച് ക്രമീകരണങ്ങൾ ചെയ്തില്ല, സർക്കാരിന് വിവരങ്ങൾ നൽകിയില്ല. ഇതാണ് അപകടത്തിന് കാരണം'- ആന്ധ്രാപ്രദേശ് സർക്കാരിന്റെ വസ്തുതാ പരിശോധനാ വകുപ്പ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന്റെ നടക്കുന്ന ദൃശ്യങ്ങളിൽ, ഇടുങ്ങിയ സ്ഥലത്ത് നിരവധി സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നത് കാണാം. കൈകളിൽ പൂജാ കൊട്ടകളുമായി നിൽക്കുന്ന പലരും പ്രാണവായുവിനായി ബുദ്ധിമുട്ടുന്നതും സഹായത്തിനായി നിലവിളിക്കുന്നതും ദൃശ്യമാണ്. അപകടത്തിൽപ്പെട്ടവർക്ക് ബന്ധുക്കൾ സിപിആർ നൽകാൻ ശ്രമിക്കുന്നതും കൈകൾ തിരുമ്മുന്നതും വീഡിയോയിലുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് എട്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെയാണ് മരിച്ചത്. 17 പേർക്കാണ് പരിക്കേറ്റത്.
Adjust Story Font
16

