തൈക്കോണ്ടോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു
മത്സരത്തിനിടെ നിരവധി നിയമലംഘനങ്ങൾ ഉണ്ടായതായി കുട്ടിയുടെ ബന്ധു ആരോപിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തൈക്കോണ്ടോ മത്സരത്തിനിടെ തൃശ്ശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ആഗസ്റ്റ് മൂന്നിന് നാഗ്പൂരിലെ സൺസ്കാർ പബ്ലിക് സ്കൂളിൽ നടന്ന മത്സരത്തിനിടെയാണ് എതിരാളിയുടെ പ്രഹരമേറ്റ് വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മത്സരത്തിനിടെ നിരവധി നിയമലംഘനങ്ങൾ ഉണ്ടായതായി കുട്ടിയുടെ ബന്ധു ആരോപിച്ചു. റഫറി സ്റ്റോപ്പ് സിഗ്നൽ നൽകിയതിന് ശേഷവും എതിരാളി കുട്ടിയെ ആക്രമിച്ചെന്നും, നാലാമത്തെ കിക്ക് സ്വകാര്യ ഭാഗത്തേക്ക് മനപ്പൂർവം നൽകിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കോർട്ടിന് പുറത്തേക്ക് എത്തിയതിന് ശേഷവും കുട്ടിക്ക് പ്രഹരമേറ്റതായി ഇവർ പറയുന്നു.
ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ പ്രഹരത്തെ തുടർന്ന് തലച്ചോറിന് ആഘാതമേൽക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു.
നിലവിൽ കൊച്ചിയിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Adjust Story Font
16

