'കല്യാൺ ബാനർജി ലോക്‌സഭയിൽ വെച്ച് അധിക്ഷേപിച്ചു'; സ്പീക്കർക്ക് പരാതി നൽകി ടിഎംസി വനിത എംപി
പാർട്ടിയുടെ ഔദ്യോഗിക പദവികൾ കകോലി രാജിവച്ചതിന് പിന്നാലെയാണ് ആരോപണം

- Updated:
2026-05-28 07:53:39.0

കൊൽക്കത്ത: ടിഎംസി എംപി കല്യാൺ ബാനർജിക്കെതിരെ പാർട്ടി വനിത എംപിയുടെ പരാതി.ലോക്‌സഭയ്ക്ക് ഉള്ളിൽ വച്ച് വാക്കുകൾ കൊണ്ട് തന്നെ അധിക്ഷേപിച്ചെന്ന് കകോലി ഘോഷ് ദസ്തിദാർ .തന്നെ അപമാനിച്ച കല്യാൺ ബാനർജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കകോലി സ്പീകർക്ക് പരാതി നൽകി. പാർട്ടിയുടെ ഔദ്യോഗിക പദവികൾ കകോലി രാജിവച്ചതിന് പിന്നാലെയാണ് ആരോപണം.
"ലോക്‌സഭയ്ക്കുള്ളിൽ വെച്ച് എന്നെ നിരന്തരം അധിക്ഷേപിച്ച എഐടിസി അംഗം കല്യാൺ ബാനർജിക്കെതിരെ പരിഹാരം തേടി ഔദ്യോഗികമായി പരാതി നൽകാൻ അങ്ങയുടെ അനുമതി ഞാൻ തേടുന്നു. ഈ സ്ത്രീവിരുദ്ധത പല വനിതാ അംഗങ്ങൾക്കും നേരെ ഉണ്ടായിട്ടുള്ളതാണ്, ഇത് ശിക്ഷിക്കപ്പെടേണ്ടതുണ്ട്." കത്തിൽ പറയുന്നു. ടിഎസിയുടെ വനിതാ വിഭാഗം പ്രസിഡന്‍റ് സ്ഥാനമുൾപ്പടെ പാര്‍ട്ടിയിലെ എല്ലാ സംഘടനാ സ്ഥാനങ്ങളിൽ നിന്നും ദസ്തിദാർ രാജിവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പരാതി നൽകിയിരിക്കുന്നത്. പാർട്ടിയിലെ ഒരു 'വിദ്യാസമ്പന്നനായ എം.പി' വനിതാ ജനപ്രതിനിധികളോട് കാണിക്കുന്ന അശ്ലീലവും മോശവുമായ പെരുമാറ്റത്തെ തടയാൻ പാർട്ടി നേതൃത്വത്തിന് സാധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു സംഘടനയിൽ നിന്നുള്ള അവരുടെ രാജി. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും തനിക്കുണ്ടായ മാനസിക സംഘര്‍ഷത്തെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. എംപിയായി തുടരുമെന്നും ഒരു സാധാരണ പ്രവർത്തകയായി പാർട്ടിയിൽ തുടരുമെന്നും ദസ്തിദാർ വ്യക്തമാക്കി.
ബരാസത്ത് എംപിയായ കകോലി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും പാർട്ടിയുടെ ആഭ്യന്തര പ്രവർത്തനത്തെക്കുറിച്ചുള്ള ആശങ്കകൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തു. ടിഎംസി നേതൃത്വത്തിന്റെ എതിർപ്പുകൾ അവഗണിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ നടന്ന ഭരണ യോഗത്തിൽ അവർ പങ്കെടുക്കുകയും ചെയ്തു.
വനിതാ വിഭാഗം മേധാവി എന്ന നിലയിലുള്ള കാലയളവ് തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ 'ഒരു പ്രധാന അധ്യായം' ആണെന്നാണ് ദസ്തിദാർ രാജിക്കത്തിൽ വിശേഷിപ്പിച്ചത്.
TMC's Kakoli Dastidar alleges ‘verbal abuse, misogyny’ by Kalyan Banerjee in letter to Lok Sabha Speaker
Adjust Story Font
16
