Quantcast

മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങളുന്നയിച്ച് തമിഴ്‌നാട്ടിൽ വൻ സമരത്തിനൊരുങ്ങി വിജയ്

രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ സമരത്തിനാണ് വിജയ് ഒരുങ്ങുന്നത്. അതിനായി വൻ നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2025-03-10 09:17:00.0

Published:

10 March 2025 2:40 PM IST

മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങളുന്നയിച്ച് തമിഴ്‌നാട്ടിൽ  വൻ സമരത്തിനൊരുങ്ങി വിജയ്
X

ചെന്നൈ: തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികള്‍ നേരിടുന്ന പ്രശ്നം ഉയർത്തിക്കാട്ടി സമരവുമായി തമിഴക വെട്രി കഴകം (ടിവികെ) നായകന്‍ വിജയ്. രാഷ്ട്രീയ പ്രവേശനത്തിനുശേഷമുള്ള ആദ്യ സമരത്തിനാണ് വിജയ് ഒരുങ്ങുന്നത്.

ശ്രീലങ്കൻ നാവികസേന തമിഴ്നാട് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാവശ്യപ്പെട്ടാണ് കടലൂരിൽ വിജയ് വലിയ തോതിലുള്ള പ്രക്ഷോഭത്തിനൊരുങ്ങുന്നത്. പ്രതിഷേധം നടത്താൻ അനുമതി തേടി പാർട്ടി ഇതിനകം തന്നെ കടലൂർ പൊലീസിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. തിയതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ശ്രീലങ്കൻ നാവികസേനയുടെ തുടർച്ചയായ അറസ്റ്റുകളും നടപടികളും തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് ടിവികെ വ്യക്തമാക്കുന്നു. മത്സ്യതൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാർഗം സംരക്ഷിക്കാന്‍ കേന്ദ്ര സർക്കാർ അടിയന്തിരവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

അതേസമയം പ്രക്ഷോഭം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മുതിർന്ന ജില്ലാ ഭാരവാഹികളെ ഉൾപ്പെടുത്തി പ്രത്യേക ഏകോപന സമിതിയും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുടനീളമുള്ള മത്സ്യതൊഴിലാളികളെ പ്രതിഷേധത്തിന്റ ഭാഗമാക്കാന്‍ പാർട്ടി വൻതോതിലുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന ഗ്രാമവാസികളെ സന്ദർശിച്ചതല്ലാതെ ഇതുവരെ വിജയ് നേരിട്ട് സമരം നയിച്ചിട്ടില്ല.

അതിനാല്‍ ആദ്യം സമര പരിപാടി, ഗംഭീരമാക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. 2024 ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി വിജയ് രൂപീകരിക്കുന്നത്.

TAGS :

Next Story