Quantcast

ഫ്രഞ്ച് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, ഭിക്ഷാടക മരിച്ചപ്പോള്‍ സമ്പാദ്യം കണ്ടമ്പരന്ന് നാട്ടുകാര്‍; ഇന്നത്തെ പ്രധാന ട്വിറ്റര്‍ വാര്‍ത്തകള്‍

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന സംഭവങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2023-06-12 14:39:50.0

Published:

12 Jun 2023 2:36 PM GMT

Todays Top Twitter News
X

'ധോണി ഒറ്റയ്ക്കാണല്ലോ കളിച്ചതും കപ്പടിച്ചതും!'; പരിഹസിച്ച് ഹർഭജൻ

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയെ മാറ്റണമെന്ന തരത്തിൽ മുറവിളികളുയരുകയാണ്. തുടർച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യൻ തോൽവി. മൂന്ന് ഐ.സി.സി കിരീടങ്ങൾ നേടിയ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെ ചൂണ്ടിക്കാട്ടിയാണ് രോഹിതിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ധോണിക്ക് ലോകകപ്പുകളുടെ ക്രെഡിറ്റ് പതിച്ചുനൽകുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

2007ൽ ധോണിയുടെ നേതൃത്വത്തിലുള്ള ടി20 ലോകകപ്പ് കിരീടനേട്ടത്തെക്കുറിച്ചുള്ള ട്വീറ്റിനോടായിരുന്നു പരിഹാസസ്വരത്തിൽ 'ഭാജി'യുടെ പ്രതികരണം. 'കോച്ചില്ല, മെന്ററില്ല, മിക്ക സീനിയർ താരങ്ങളും ടീമിന്റെ ഭാഗമല്ല. ഒപ്പമുള്ളത് യുവതാരങ്ങൾ. മുൻപ് ഒറ്റ മത്സരത്തിൽ പോലും ക്യാപ്റ്റനായിട്ടില്ല. എന്നിട്ടും, ക്യാപ്റ്റനായി 48 ദിവസം പിന്നിടുമ്പോൾ ഈ ചെറുപ്പക്കാരൻ പ്രതാപകാലത്തുള്ള ആസ്‌ട്രേലിയയെ സെമി ഫൈനലിൽ തോൽപിച്ച് ടി20 കിരീടം സ്വന്തമാക്കി.'-ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഫ്രഞ്ച് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; നദാലിനെ മറികടന്നു, ഗ്രാൻഡ്സ്ലാമിൽ റെക്കോർഡ്

പാരീസ്: ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടത്തോടെ ചരിത്രം കുറിച്ച് നോവാക് ജോക്കോവിച്ച്. നോർവേ താരം കാസ്പർ റൂഡോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നോവാക് ജോക്കോവിച്ച് മുത്തമിട്ടത്. ഇതോടെ റാഫേൽ നദാലിനെ പിന്തള്ളി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന പുരുഷ താരമായി ജോക്കോവിച്ച്.

റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ പുതിയ ചരിത്രം കുറിച്ചാണ്, നോവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. കളിമൺ കോർട്ടിലെ മിന്നും താരമായിരുന്ന റാഫേൽ നാദാലിനൊപ്പം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം പങ്കിട്ടിരുന്ന ജോക്കോ, കിരീടനോട്ടത്തോടെ നദാലിനെ മറികടന്നു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ച് നേടിയത്. നാല് ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പുകൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും നേടിയ താരവുമായി ഇതോടെ ജോകോവിച്ച്.

ചാക്കുകളിലും ബക്കറ്റുകളിലും നിറയെ പണം; ഭിക്ഷാടക മരിച്ചപ്പോള്‍ സമ്പാദ്യം കണ്ടമ്പരന്ന് നാട്ടുകാര്‍: വീഡിയോ

കെയ്റോ: ചാക്കുകളിലും ബക്കറ്റുകളിലുമായി നിറയെ നാണയത്തുട്ടുകള്‍... തെരുവിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഖൈരിയ അലി അബ്ദുൽ ജലീൽ ഒരു കോടീശ്വരിയായിരുന്നുവെന്ന കാര്യം അവരുടെ മരണശേഷമാണ് നാട്ടുകാര്‍ അറിയുന്നത്. ഖൈരിയയുടെ സംസ്കാരത്തിനു ശേഷം കുടില്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകളും നാണയത്തുട്ടുകളും കണ്ടെടുത്തത്.

തെക്കൻ ഈജിപ്തിലെ ക്വീന ഗവർണറേറ്റിലെ ഒരു പട്ടണത്തിലാണ് ഖൈരിയ താമസിച്ചിരുന്നത്. പത്തു ദിവസം മുന്‍പാണ് ഖൈരിയ മരിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് അവരുടെ സംസ്കാരം നടത്തിയത്. ചെലവ് വഹിച്ചതും നാട്ടുകാര്‍ തന്നെ. എന്നാല്‍ സംസ്കാരത്തിനു ശേഷം ഖൈരിയയുടെ കുടില്‍ സഹോദരങ്ങളും പ്രദേശവാസികളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് എല്ലാവരും ആ സത്യം അറിയുന്നത്. ഖൈരിയ വെറുമൊരു ഭിക്ഷക്കാരി ആയിരുന്നില്ലെന്നും മറിച്ച് ഒരു കോടീശ്വരി ആയിരുന്നുവെന്ന കാര്യം വൈകിയാണ് അവര്‍ക്ക് മനസിലായത്. നിരവധി പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. ഇതിലെല്ലാം നോട്ടുകളും നാണയത്തുട്ടുകളുമായിരുന്നു. തുടര്‍ന്ന് ഇത് എണ്ണിനോക്കിയപ്പോള്‍ പത്തു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടിലധികമുണ്ടായിരുന്നു.

തുടര്‍ന്ന് ഒരു പൗരപ്രമുഖന്‍റെ സാന്നിധ്യത്തില്‍ ഖൈരിയയുടെം മൂന്ന് സഹോദരിമാര്‍ക്കും സഹോദരനും തുല്യമായി വിതരണം ചെയ്യുകയായിരുന്നു. തുലാസില്‍ തൂക്കിയാണ് നാണയത്തുട്ടുകള്‍ വിതരണം ചെയ്തത്. ഭിക്ഷയെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയുടെ കയ്യില്‍ എങ്ങനെ ഇത്രയധികം തുക വന്നുവെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇത്രയും പണം കയ്യിലുണ്ടായിട്ടും ഖൈരിയ നല്ല ഭക്ഷണം കഴിക്കുന്നതോ നല്ല വസ്ത്രം ധരിക്കുന്നതോ ആരും കണ്ടിട്ടില്ലല്ലോ. ഇതില്‍ എന്തോ നിഗൂഢതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.


ആസ്‌ത്രേലിയയിൽ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം

സിഡ്‌നി: ആസ്‌ത്രേലിയയിൽ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം. സിഡ്‌നിയിലെ സെസ്‌നോക്കിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മുപ്പത് വർഷത്തിനിടെ ആസ്‌ത്രേലിയയിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാൻഡിൻ എസ്റ്റേറ്റ് വൈനറിയിലുള്ള വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ 36 അംഗ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടക്കുന്ന സമയം പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ആയിരുന്നുവെന്നാണ് വിവരം. ഇതാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

സ്കൂട്ടര്‍ ഓടിച്ചുകൊണ്ട് വധുവിന്‍റെ റീല്‍സ്; ഒടുവില്‍ പണി കൊടുത്ത് പൊലീസ്

ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ റീല്‍സ് ചെയ്ത നവവധുവിന് പിഴയിട്ട് ഡല്‍ഹി പൊലീസ്. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപ പിഴയുമാണ് പൊലീസ് ചുമത്തിയത്.

‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ്‌ യുവതി വീഡിയോ പങ്കു വച്ചത്‌. വിവാഹ വേഷത്തില്‍ സ്കൂട്ടര്‍ ഓടിക്കുന്ന യുവതിയുടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഇതു പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയും പിഴ ചുമത്തുകയുമായിരുന്നു. ഡൽഹി പോലീസ് ഡിപ്പാർട്ട്‌മെന്റ് അടിസ്ഥാന ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൗരന്മാരെ ഓർമ്മിപ്പിക്കുന്നതിനും അവ പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ഒരു വീഡിയോയും പങ്കിട്ടു. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്‍റെ ചിത്രവുമടങ്ങുന്ന വിഡിയോ ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയത്. യുവതിക്ക് പിഴ ചുമത്തേണ്ടത് ആവശ്യമായ കാര്യമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിദ്യാർഥിനിയെ പ്രശംസിച്ച് ആപ്പിൾ മേധാവി ടിം കുക്ക്

വേൾഡ് വൈഡ് ഡവലപ്പർ കോൺഫറൻസിന്റെ ഭാഗമായി, ആപ്പിൾ കമ്പനി വിദ്യാർഥികൾക്കായി നടത്തിയ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച് മത്സരത്തിൽ വിജയിയായി ഇന്ത്യൻ വിദ്യാർഥിനി. മധ്യപ്രദേശിലെ ഇൻഡോർ മെഡി-ക്യാപ്‌സ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന 20 വയസുകാരി അസ്മി ജെയിൻ ആണ് ജേതാവായത്. ആപ്പിൾ മേധാവി ടിം കുക്ക് അസ്മിയെ വീഡിയോ കോൺഫറൻസിലൂടെ പ്രശംസിച്ചു. അസ്മിയുടെ നേട്ടം രാജ്യത്തെ സർഗാത്മകതയുടെയും മികവിന്റെയും പ്രതിഫലനമാണെന്ന് കുക്ക് പറഞ്ഞു.

കണ്ണിനു പ്രശ്‌നമുള്ളവർക്കായി ഐട്രാക്കിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്ന ആപ്പ് ആപ്പിളിന്റെ സ്വിഫ്റ്റ് പ്ലേ ഗ്രൗണ്ട്‌സിന്റെ സഹായത്തോടെ നിർമ്മിച്ചതിനാണ് അസ്മിക്ക് അംഗീകാരം ലഭിച്ചത്. ഈ ആപ്പ് ഉപയോഗിച്ച് കണ്ണിന്റെ പേശികളുടെ ശക്തി വർദ്ധിപ്പിക്കാം. സുഹൃത്തിന്റെ ബന്ധുവിന് ബ്രെയിൻ സർജറിക്ക് ശേഷം ഇരു കണ്ണുകളും തമ്മിൽ പൊരുത്തത്തോടെ പ്രവർത്തിപ്പിക്കാനാകാത്ത പ്രശ്‌നമുണ്ടായി, ഇതാണ് അസ്മിയെ ഇത്തരത്തിൽ ഒരു ആപ്പ് നിർമ്മിക്കാൻ പ്രേരിപ്പിച്ചത്.

ആപ്പിളിന്റെ ശക്തമായ പ്രോഗ്രാമിങ് ഭാഷയായ സ്വിഫ്റ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപകാരപ്രദമായ ആപ്പുകൾ നിർമിക്കാൻ ആപ്പിൾ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരമാണ് സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച്. ഐ പാഡിലും മാക്കിലും പ്രവർത്തിപ്പിക്കാവുന്ന സ്വിഫ്റ്റ് പ്ലേ ഗ്രൗണ്ട്‌സ് ആപ്പിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. കോഡിങ് പരിജ്ഞാനം ഇല്ലാത്തവർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സ്വിഫ്റ്റ് പ്ലേ ഗ്രൗണ്ട്‌സ്. അതിനാൽ എല്ലാ വിദ്യാർഥികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.


ഫാഷന്‍ ഷോക്കിടെ ഇരുമ്പു തൂണ്‍ ദേഹത്തേക്ക് വീണ് മോഡല്‍ കൊല്ലപ്പെട്ടു

നോയിഡ: ഫാഷന്‍ ഷോയില്‍ റാമ്പ് വോക്ക് ചെയ്യുന്നതിനിടെ മോഡല്‍ ഇരുമ്പ് തൂണ്‍ തകര്‍ന്ന് ദേഹത്തേക്ക് വീണു കൊല്ലപ്പെട്ടു. 24കാരിയായ വന്‍ഷിക ചോപ്രയാണ് മരിച്ചത്. ഞായറാഴ്ച നോയിഡ ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഫാഷൻ ഷോക്കിടെയാണ് സംഭവം. വന്‍ഷിക സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ഞായറാഴ്ച ഉച്ച് 1.30ഓടെയാണ് സംഭവം. ബോബി രാജ് എന്ന മറ്റൊരു മോഡലിന് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തി പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷോയുടെ സംഘാടകരെയും ലൈറ്റിംഗ് ട്രസ് സ്ഥാപിച്ച ആളെയും പൊലീസ് ചോദ്യം ചെയ്തു.കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.ഇരുവരുടെയും വീട്ടുകാരെ വിവരം അറിയിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.


നരേന്ദ്ര മോദിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്. മണിപ്പൂരിൽ സമാധാനം കൈവരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങൾ ദുരിതത്തിലാണ്. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത് ചെയ്യണമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദർശനം നടത്തുകയും അവിടെ ഒരു സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. നിരവധി ചർച്ചകൾ അവിടെ നടത്തുന്നുണ്ട്.

എന്നാൽ മണിപ്പൂരിൽ ഇതുവരെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കുമുന്നിൽ കോൺഗ്രസ് പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. മൻകി ബാത്തിന്റെ നൂറ് എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. അതിനാൽ തന്നെ അടുത്ത മൻകി ബാത്തിൽ മണിപ്പൂരിനെ കുറിച്ച് സംസാരിക്കണമെന്നാണ് ഒന്നാമത്തെ ആവശ്യം. കൂടാതെ മണിപ്പൂരിലേക്ക് ഒരു സർവകക്ഷി സംഘത്തേയും അയക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

ബാലസോർ ട്രെയിൻ അപകടം നടന്നപ്പോൾ പ്രധാനമന്ത്രി അവിടെ സന്ദർശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതെന്നും കോൺഗ്രസ് ചോദിക്കുന്നു. കഴിഞ്ഞദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ എം.എൽ.എമാർ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു. കുക്കി സംഘടനകൾ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു. മണിപ്പൂരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്ന ദിമാപുർ-ഇംഫാൽ ദേശീയ പാതയാണ് കുക്കി മേഖലകളിൽ ഉപരോധിച്ചത്. സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ ഈ മാസം നാലിന് ഉപരോധം പിൻവലിച്ചിരുന്നു.

അവശ്യസാമഗ്രികൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ദേശീയപാത ഉപരോധം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെത്തുടർന്ന് മണിപ്പൂർ ശാന്തമാകുന്നതിനിടയിലാണ് വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്നലെ ഇംഫാലിലെത്തി മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച നടത്തിയിരുന്നു.

TAGS :

Next Story