Quantcast

ജപ്പാനിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് മോദി, സി.എസ്.കെ-ഡൽഹി മത്സരം, ആദിപുരുഷിലെ ഗാനം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഗാന്ധിയൻ തത്ത്വചിന്ത ലോകമെമ്പാടും പ്രതിധ്വനിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി

MediaOne Logo

Web Desk

  • Updated:

    2023-05-20 13:49:23.0

Published:

20 May 2023 1:19 PM GMT

Modi unveils Gandhi statue in Japan, CSK-Delhi match, song in Adipurush; Todays Twitter Trends…
X

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നിർണായക മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങിയിരിക്കുകയാണ്. സി.എസ്.കെ -ഡൽഹി മത്സരം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗാണ്. സിദ്ധരാമയ്യ സത്യപ്രതിജ്ഞാ ചടങ്ങ്, കർണാടക കാബിനറ്റ്, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ (ഡി.കെ ശിവകുമാർ), ചീഫ് മിനിസ്റ്റർ ഓഫ് കർണാടക, സി.എസ്.കെ ടീമിലെ കോൺവേ, ദുബെ, റുതുരാജ് ഗെയ്ക്ക് വാദ്, ജഡേജ, പ്രഭാസ് നായകനായ ആദിപുരുഷിലെ ജയ് ശ്രീരാം എന്ന ഗാനം, ജപ്പാനിൽ ഗാന്ധി പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് തുടങ്ങിയവയൊക്കെ ഇന്ന് ട്വിറ്ററിൽ വൈറലാണ്.

ജപ്പാനിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് മോദി

ജപ്പാനിലെ ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തെത്തിയതാണ് പ്രധാനമന്ത്രി. ഗാന്ധി പ്രതിമയുടെ മുമ്പിൽ പ്രണാമം അർപ്പിക്കുന്ന ചിത്രം മോദി ട്വിറ്ററിൽ പങ്കുവെച്ചു. 'ഗാന്ധി പ്രതിമയുടെ അനാച്ഛാദന ചടങ്ങ് ഹിരോഷിമയിൽ നടന്നു. ഹിരോഷിമയുടെ ഈ പ്രതിമ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നൽകുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഗാന്ധിയൻ തത്ത്വചിന്ത ലോകമെമ്പാടും പ്രതിധ്വനിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യും' ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു.

മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രി സംസാരിച്ചു. 'ഹിരോഷിമ' എന്ന വാക്ക് കേൾക്കുമ്പോൾ ഇന്നും ലോകം ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിൽ 1,40,000 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കയുടെ ആണവാക്രമണത്തെ സൂചിപ്പിച്ചായിരുന്നു പരാമർശം.

'ജപ്പാൻ പ്രധാനമന്ത്രിക്ക് ഞാൻ സമ്മാനിച്ച ബോധിവൃക്ഷം ഇവിടെ ഹിരോഷിമയിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു എന്നറിയുന്നത് എനിക്ക് മഹത്തായ നിമിഷമാണ്, അതിനാൽ ആളുകൾ ഇവിടെ വരുമ്പോൾ സമാധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയും. മഹാത്മാഗാന്ധിക്ക് ഞാൻ ആദരവ് അർപ്പിക്കുന്നു' പ്രധാനമന്ത്രി മോദി പറഞ്ഞു.

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് ട്വിറ്ററിൽ വൻ വിശേഷമാണ്. സിദ്ധരാമയ്യ സത്യപ്രതിജ്ഞാ ചടങ്ങ്, കർണാടക കാബിനറ്റ്, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ (ഡി.കെ ശിവകുമാർ), ചീഫ് മിനിസ്റ്റർ ഓഫ് കർണാടക എന്നിവയൊക്കെ ട്രെൻഡിംഗാണ്.

ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടാണ് സിദ്ധരാമയ്യക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളും നടന്നു. മലയാളിയായ കെ.ജെ ജോർജ്, ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ,കെ ജെ ജോർജ്,എം ബി പാട്ടീൽ തുടങ്ങിയവരാണ് സത്യപ്രതിജ്ഞ നടത്തിയത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ്.

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കു പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കമൽഹാസൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മേയ് പത്തിനായിരുന്നു കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു വേണ്ട 113 എന്ന മാന്ത്രികസംഖ്യ കടക്കാനാകില്ലെന്നായിരുന്നു എക്സിറ്റ്പോൾ ഫലങ്ങൾ മിക്കതും പ്രവചിച്ചത്. എന്നാൽ, 13ന് ഫലം പുറത്തുവന്നപ്പോൾ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഒറ്റയ്ക്ക് കോൺഗ്രസ് മുന്നേറ്റമാണ് കർണാടകയിൽ കണ്ടത്. 135 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറുന്നത്. മന്ത്രിമാർ ഉൾപ്പെടെ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റിയ തെരഞ്ഞെടുപ്പിൽ 66 സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ജെ.ഡി-എസ് 19ലേക്കും ഒതുങ്ങി.

കോൺവേ-ഗെയ്ക്‌വാദ് വെടിക്കെട്ട്; ചെന്നൈക്ക് കൂറ്റൻ ടോട്ടൽ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പർകിങ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 223 റൺസെടുത്തു.

ടോസ് വിജയിച്ച് ബാറ്റിങ് ആരംഭിച്ച ചെന്നൈ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ജയത്തോടെ പ്ലേ ഓഫ് സീൽ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിലിറങ്ങിയത്. ചെന്നൈക്കായി മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാരായ ഗെയ്ക്‌വാദും കോൺവേയും ചേർന്ന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 141 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ചേർന്ന് നേടിയത്. 50 പന്തിൽ ഏഴ് സിക്‌സറും മൂന്ന് ബൌണ്ടറിയുമുൾപ്പെടെ 79 റൺസെടുത്ത ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. ഗെയ്ക്വാദിന് പിന്നാലെയെത്തിയ ശിവ ദുബെയും(9 പന്തിൽ 22 റൺസ്) അതേ മൊമൻറം തുടർന്നതോടെ ചെന്നൈ സ്‌കോർ കുതിച്ചു.

എന്നാൽ ദുബെയെയും ഓപ്പണർ കോൺവെയെയും ചെന്നൈക്ക് ഒരേ സ്‌കോറിൽ വെച്ച് നഷ്ടമായി. ഖലീൽ അഹമ്മദിനെ സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെ ദുബെ ബൌണ്ടറിയിൽ ലളിത് യാദവിന് ക്യാച്ച് നൽകുകയായിരുന്നു. അതേ സ്‌കോറിൽത്തന്നെ കോൺവേയെയും ചെന്നൈക്ക് നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിച്ച കോൺവേയും ബിഗ് ഹിറ്റിന് ശ്രമിച്ചാണ് പുറത്തായത്. 52 പന്തിൽ മൂന്ന് സിക്‌സറും 11 ബൌണ്ടറിയുമുൾപ്പെടെ 87 റൺസെടുത്താണ് കോൺവേ മടങ്ങിയത്.

ബാറ്റിങ് ഓർഡറിൽ പ്രമോട്ട് ചെയ്ത് നാലാമനായി ധോണി ക്രീസിലെത്തിയെങ്കിലും ആരാധകരെ തൃപ്തപ്പെടുത്താനുള്ള വമ്പൻ അടികളൊന്നും 'തല'യുടെ ബാറ്റിൽ നിന്ന് പിറന്നില്ല. അഞ്ചാം നമ്പരിലെത്തിയ ജഡേജയാണ് ചെന്നൈ സ്‌കോർ അവസാന ഓവറുകളിൽ ഉയർത്തിയത്. ഏഴ് പന്തിൽ മൂന്ന് ബൌണ്ടറിയും ഒരു സിക്‌സറുമുൾപ്പെടെ ജഡേജ 20 റൺസെടുത്തപ്പോൾ നാല് പന്തിൽ അഞ്ച് റൺസുമായി ധോണിയും പുറത്താകാതെ നിന്നു.

ആദിപുരുഷിലെ ജയ് ശ്രീരാം ഗാനം

ബാഹുബലി സിനിമകളിലൂടെ ശ്രദ്ധേയനായ പ്രഭാസ് നായകനാകുന്ന ചിത്രം ആദിപുരുഷിലെ ആദ്യ ഗാനം പുറത്തുവിട്ടു. ജയ്ശ്രീരാം എന്ന ഗാനമാണ് പുറത്തുവിട്ടത്. സിനിമയുടെ ട്രെയിലർ നേരത്തെ പുറത്തുവന്നിരുന്നു. ക്രിതി സേനനാണ് ചിത്രത്തിലെ നായിക. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, സൈഫ് അലി ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതുൽ, അജയ് എന്നിവരാണ് ഗാനത്തിന് സംഗീത സംവിധാനം ചെയ്തത്. മനോജ് മുൻതഷിറിന്റേതാണ് വരികൾ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഗാനം പുറത്തിറങ്ങി.

അൽത്താഫ് ബുഖാരി സബ്‌പെ ഭാരി

ജമ്മു കശ്മീരിൽ സി.യു.ഇ.ടി പരീക്ഷാകേന്ദ്രങ്ങളില്ലാത്തതിനെതിരെ അപ്‌നി പാർട്ടി പ്രസിഡൻറ് അൽതാഫ് ബുഖാരി പ്രതികരിച്ചത് ട്വിറ്ററിൽ വൈറലാണ്. കശ്മീരിനകത്ത് സെൻററുകളൽ ഒരുക്കി വിദ്യാർഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അൽതാഫ്ബുഖാരിസബ്‌പെഭാരി എന്ന ഹാഷ്ടാഗിലാണ് വീഡിയോ പ്രചരിക്കുന്നത്.

കാവേരി പ്രിയം

ഹിന്ദി ടെലിവിഷൻ നടിയായ കാവേരി പ്രിയമിന്റെ വിവരങ്ങൾ പങ്കുവെച്ച് ഷൈനിംഗ് സ്റ്റാർ കാവേരിയെന്ന ഹാഷ്ടാഗിൽ ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്.

2000 രൂപ നോട്ട് പിൻവലിക്കലിൽ ട്രോൾ, വിമർശനം

കേന്ദ്രസർക്കാർ 2000 രൂപ നോട്ട് പിൻവലിക്കലിച്ചതിൽ വ്യാപക വിമർശനവും ട്രോളും. 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ സർക്കാറിന്റെ അബദ്ധങ്ങളെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കോൺഗ്രസ് നേതാവ് ജയറാം രമേശ് തുടങ്ങിയവർ വിമർശിച്ചു. നിരവധി പേർ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു. നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും. ചിപ്പിന്റെ ചാർജ് തീർന്നതു കൊണ്ടാണ് നോട്ട് പിൻവലിക്കുന്നതെന്നും ചാർജ് ചെയ്തിട്ട് വീണ്ടും ഇറക്കുമെന്നും ട്രോളന്മാർ പറയുന്നു.

പുതിയ 2000 രൂപാ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്തംബർ 30 വരെ ഉപയോഗിക്കാം.മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.

Modi unveils Gandhi statue in Japan, CSK-Delhi match, song in Adipurush; Today's Twitter Trends…

TAGS :

Next Story