ഡേ കെയറിൽ രണ്ടുവയസുകാരനെ മറ്റൊരു കുട്ടി കടിച്ചത് 25 തവണ; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍
ജൂൺ 22-നായിരുന്നു കേസിനാസ്പദമായ സംഭവം

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സ്വകാര്യ ഡേ കെയറിൽ ജീവനക്കാരുടെ കടുത്ത അനാസ്ഥയെ തുടർന്ന് 23 മാസം പ്രായമുള്ള കുഞ്ഞ് മറ്റൊരു കുട്ടിയുടെ ക്രൂരതക്കിരയായി. സിഡ്‌കോയിലുള്ള 'ഫസ്റ്റ‍്ക്രൈ ഇന്റലിറ്റോട്ട്സ്' (Firstcry Intellitots) പ്രീ-സ്‌കൂളിലാണ് സംഭവം. ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന ക്രൂരതയ്ക്കിടെ കുഞ്ഞിന് 25-ഓളം തവണയാണ് കടിയേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജൂൺ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. അഭിഭാഷകയായ അമ്മ കുഞ്ഞിനെ ഡേ കെയറിലാക്കി അരമണിക്കൂറിന് ശേഷമാണ് ജീവനക്കാരിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായത്. മുറിയിലുണ്ടായിരുന്ന ഒരു കുട്ടി പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ, ആയ ഈ കുട്ടിയെയും കൂട്ടി പുറത്തേക്ക് പോവുകയും ബാക്കി മൂന്ന് കുട്ടികളെ മുറിക്കുള്ളിൽ പൂട്ടിയിടുകയുമായിരുന്നു.
മുറിയിൽ ആരുമില്ലാതെ ഭയന്നുപോയ കുട്ടികൾ വാതിൽ തുറക്കാൻ ശ്രമിച്ച് കരയാൻ തുടങ്ങി. ഇതിനിടയിലാണ് ഒരു കുട്ടി മറ്റേ കുഞ്ഞിനെ ക്രൂരമായി കടിക്കാൻ തുടങ്ങിയത്. ഭയം കാരണം മൂന്നാമത്തെ കുട്ടി മാറിനിൽക്കുകയായിരുന്നു. രാവിലെ 11 മണി മുതൽ 11:30 വരെയുള്ള സമയത്തിനിടയിലാണ് സംഭവം നടന്നത്. കുട്ടികളുടെ നിലവിളി കേട്ടിട്ടും ഡേ കെയർ ജീവനക്കാർ ആരും തന്നെ ഈ സമയത്ത് മുറിയിലേക്ക് എത്തിയില്ല.
ഏകദേശം 45 മിനിറ്റോളം കുട്ടി വേദന കൊണ്ട് നിലവിളിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ മുഖം, മൂക്ക്, ചുണ്ടുകൾ, നെഞ്ച്, പുറം, കാലുകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉച്ചക്ക് 2 മണിവരെ ഇക്കാര്യത്തെക്കുറിച്ച് ഡേ കെയര്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞില്ല. ഒടുവിൽ കുട്ടിയെ കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തിയപ്പോൾ പ്രിൻസിപ്പാൾ വിവരം പറയുന്നത്. ചെറിയൊരു പോറൽ മാത്രമാണെന്നാണ് മാതാപിതാക്കളെ അറിയിച്ചത്. വസ്ത്രങ്ങൾ ഊരിയപ്പോൾ ദേഹത്തുടനീളം ഗുരുതരമായ പരിക്കുകൾ കണ്ടു. ഉടൻ തന്നെ കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡേ കെയറിലെ സിഇഒ ശുഭം മഹേശ്വരി, മാനേജർമാരായ മങ്കേഷ് മുസാലെ, വൈഭവ് സവാഡെ, പ്രിൻസിപ്പൽ കാഞ്ചൻ യെവാലെ, വനിതാ കെയർടേക്കർ എന്നിവരുൾപ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്‍റ് 10 ലക്ഷം രൂപയും കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതായി കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മതിയായ അംഗീകാരമില്ലാതെയാണ് സ്കൂൾ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

