Quantcast

ഒരു വര്‍ഷത്തെ ദാമ്പത്യം; അഞ്ച് കോടി ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ, ന്യായരഹിതമെന്ന് സുപ്രിം കോടതി

ഒത്തുതീർപ്പ് ചർച്ചകൾക്കായി വീണ്ടും സുപ്രി കോടതി മീഡിയേഷൻ സെന്‍ററിൽ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു

MediaOne Logo

Web Desk

  • Published:

    23 Sept 2025 5:06 PM IST

ഒരു വര്‍ഷത്തെ ദാമ്പത്യം; അഞ്ച് കോടി ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ, ന്യായരഹിതമെന്ന് സുപ്രിം കോടതി
X

ഡൽഹി: ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രിം കോടതിയുടെ താക്കീത്. ന്യായരഹിതമായ ആവശ്യമാണെന്നും ഈ നിലപാട് തുടർന്നാൽ കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഒത്തുതീർപ്പ് ചർച്ചകൾക്കായി വീണ്ടും സുപ്രി കോടതി മീഡിയേഷൻ സെന്‍ററിൽ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു.

അഞ്ച് കോടി രൂപയുടെ ആവശ്യം യുക്തിരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി അത്തരമൊരു നിലപാട് പ്രതികൂല ഉത്തരവുകൾ ക്ഷണിച്ചുവരുത്തുമെന്നും വ്യക്തമാക്കി. ഒക്ടോബർ 5 ന് രാവിലെ 11.30നാണ് മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ ഇരു കക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യസ്ഥ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.

ആമസോണിൽ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ ജീവനാംശമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭാര്യ ഈ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് കേസ് സുപ്രിം കോടതിയിലെത്തിയത്. നേരത്തെ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ച് കോടതി ചോദിച്ചപ്പോൾ, പ്രശ്നം പരിഹരിക്കാൻ ന്യായമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ഭാര്യയോട് ആവശ്യപ്പെട്ടു. വാദം കേൾക്കുന്നതിനിടെ മുൻ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഭാര്യയുടെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഭർത്താവിനോട് “നിങ്ങൾ അവളെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. നിങ്ങൾക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങൾ വളരെ വലുതാണ്” എന്ന് ജസ്റ്റിസ് പർദിവാല അഭിപ്രായപ്പെട്ടത്.

TAGS :

Next Story