65കാരന് നഷ്ടമായത് 2,49,246.61 രൂപ; നിമിഷങ്ങൾ കൊണ്ട് അക്കൗണ്ട് കാലിയാക്കുന്ന ട്രാഫിക് ചലാൻ തട്ടിപ്പ്
ചലാൻ അടയ്ക്കാനെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്ക് സന്ദേശമയച്ച് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുന്ന രീതിയാണിത്

- Published:
25 Jan 2026 4:27 PM IST

ന്യൂഡൽഹി: രാജ്യത്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ചലാൻ അടയ്ക്കാനെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്ക് സന്ദേശമയച്ച് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുന്ന രീതിയാണിത്. അടുത്തിടെ ഡൽഹി ലക്ഷ്മി നഗറിൽ നിന്നുള്ള 65കാരനായ ഒരു വ്യക്തിക്കാണ് ഈ കെണിയിൽപ്പെട്ട് 2,49,246 രൂപ നഷ്ടമായത്. ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് വന്ന സന്ദേശത്തിലെ ലിങ്ക് വഴി പണമടച്ചതോടെയാണ് അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ തുക കൈക്കലാക്കിയത്.
ട്രാഫിക് നിയമലംഘനം നടത്തിയെന്നും പിഴ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും കാണിച്ച് വാട്‌സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ആണ് സന്ദേശം വരുന്നത്. ഔദ്യോഗിക സർക്കാർ സന്ദേശമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വാഹനത്തിന്റെ നമ്പറും വ്യാജ ചലാൻ നമ്പറും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. പിഴ അടയ്ക്കുന്നതിനായി സന്ദേശത്തോടൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സർക്കാർ വെബ്സൈറ്റിന് സമാനമായ വ്യാജ സൈറ്റിലേക്കാണ് ഉപയോക്താവ് എത്തുക. പേയ്മെന്റ് നടത്തുന്നതിനായി ബാങ്ക് വിവരങ്ങളോ യുപിഐ പിൻ നമ്പറോ നൽകുന്നതോടെ അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നു. നിമിഷങ്ങൾക്കകം അക്കൗണ്ടിലുള്ള തുക മുഴുവൻ അവർ പിൻവലിക്കുകയും ചെയ്യുന്നു.
എങ്ങനെ സുരക്ഷിതരാകാം?
- അപരിചിത ലിങ്കുകൾ ഒഴിവാക്കുക: വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നോ വാട്‌സാപ്പ് വഴിയോ വരുന്ന ചലാൻ സന്ദേശങ്ങളിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
- ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക: ട്രാഫിക് ചലാനുകൾ പരിശോധിക്കാനും പിഴ അടയ്ക്കാനും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ 'https://parivahan.gov.in/' അല്ലെങ്കിൽ 'mParivahan' ആപ്പ് മാത്രം ഉപയോഗിക്കുക.
- ഡൊമെയ്ൻ ശ്രദ്ധിക്കുക: സർക്കാർ വെബ്സൈറ്റുകൾ എപ്പോഴും .gov.in എന്നതിലാണ് അവസാനിക്കുന്നത്. വ്യാജ വെബ്സൈറ്റുകളുടെ ലിങ്കുകളിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
- വിവരങ്ങൾ കൈമാറാതിരിക്കുക: ഒടിപി (OTP), ബാങ്ക് പിൻ നമ്പറുകൾ എന്നിവ ഒരു കാരണവശാലും ഇത്തരം ലിങ്കുകൾ വഴിയോ ഫോൺ കോളുകൾ വഴിയോ പങ്കുവെക്കരുത്.
- വാഹന ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം വിവരങ്ങൾ ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ വിവരമറിയിക്കേണ്ടതാണ്.
Adjust Story Font
16
