രവനീത് ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധി, കൈകൊടുക്കാൻ വിസമ്മതിച്ച് കേന്ദ്ര സഹമന്ത്രി; പാർലമെന്‍റ് കവാടത്തിൽ വാക്പോര്
പാർലമെന്‍റ് സെഷൻ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു കവാടത്തിൽ നാടകീയ സംഭവം

- Published:
4 Feb 2026 3:56 PM IST

ന്യൂഡല്‍ഹി: വിവാദമായ എം.എം നരവനെയുടെ പുസ്തകത്തെ ചൊല്ലിയും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ ചൊല്ലിയും പാര്‍ലമെന്റില്‍ പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര സഹമന്ത്രിയുമായി കൊമ്പുകോര്‍ത്ത് രാഹുല്‍ ഗാന്ധി. കേന്ദ്ര സഹമന്ത്രി രവനീത് ബിട്ടുവുമായാണ് പാര്‍ലമെന്റ് കവാടത്തില്‍ രാഹുല്‍ ഗാന്ധി വാക്‌പോരിലേര്‍പ്പെട്ടത്. ബുധനാഴ്ച പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു നാടകീയ സംഭവം.
സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തുന്നതിനിടെയാണ് തര്‍ക്കം. രാഹുല്‍ ഗാന്ധി ഹസ്തദാനം നല്‍കിയെങ്കിലും സ്വീകരിക്കാന്‍ രവനീത് ബിട്ടു വിസമ്മതിച്ചതോടെയാണ് തുടക്കം. പിന്നാലെ, 'ഇതാ ഒരു ചതിയന്‍ നടന്നുവരുന്നു, അയാളുടെ മുഖത്തേക്ക് ഒന്നു നോക്കിക്കേ' എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ബിട്ടുവിന് നേരെ വിരല്‍ ചൂണ്ടി. പ്രതിപക്ഷ എംപിമാരും പ്രതിഷേധിച്ചു. 'ഇതാ, ചതിയനായ ഒരു സുഹൃത്ത് കടന്നുവരുന്നു. വിഷമിക്കേണ്ട, വൈകാതെ നീ ഞങ്ങളിലേക്ക് തിരിച്ചെത്തും'. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ രാഷ്ട്രത്തിന്റെ ശത്രുക്കളെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രാഹുലിന്റെ ഹസ്തദാനം നിരസിച്ചതിന് പിന്നാലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കുകയായിരുന്ന എംപിമാരെ പരിഹസിക്കുകയും ചെയ്തു. യുദ്ധത്തില്‍ ജയിച്ചവരെ പോലെയാണ് ധർണ നടത്തുന്നവരുടെ മുഖഭാവമെന്നായിരുന്നു ബിട്ടുവിന്റെ പരിഹാസം.
രാജ്യസഭയിലും ലോക്‌സഭയിലും കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന രവനീത് ബിട്ടു കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ്. 2021ല്‍ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവുമായി. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയില്‍ ചേരുകയായിരുന്നു.
Adjust Story Font
16
