എൻസിപി മന്ത്രിയുടെ സ്വകാര്യ ദൃശ്യം പുറത്ത് വന്നതില്‍ വഴിത്തിരിവ്; സഹോദരനെതിരെ പരാതിയുമായി ട്രാൻസ്‌ജെൻഡർ
വീഡിയോ എപ്പോൾ റെക്കോർഡുചെയ്‌തു, ആരാണ് ചിത്രീകരിച്ചതെന്നടക്കം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു

മുംബൈ: എൻസിപി മന്ത്രി നർഹരി സിർവാളും ട്രാൻസ്‌ജെന്‍ഡറും തമ്മിലുള്ള വിഡിയോ പുറത്ത് വന്ന സംഭവത്തില്‍ വഴിത്തിരിവ്. വിഡിയോയില്‍ ഉള്‍പ്പെട്ട ട്രാൻസ്‌ജെൻഡർ സ്വന്തം സഹോദരനെതിരെ പൊലീസിൽ പരാതി നൽകി. വിഡിയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും ഇതുവഴി പണം തട്ടാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയുടെ ഔദ്യോഗിക വസതി കഫെ പരേഡ് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്നതിനാൽ കേസ് പിന്നീട് അങ്ങോട്ട് മാറ്റുകയും ചെയ്തു.
മന്ത്രി സിർവാളും ട്രാൻസ്‌ജെന്‍ഡറും കിടപ്പുമുറിയിൽ അടുത്തിഴപഴകുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ആഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സിര്‍വാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നത് മന്ത്രി പദവിക്ക് നിരക്കാത്തതാതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ വിഡിയോ സിർവാളിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻസിപി മറുപടിയുമായി രംഗത്തെത്തിയിരുന്നു. പരാതി പരിശോധിക്കുമെന്നും അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സഹോദരനെതിരെ പരാതിയുമായി 35 കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ രംഗത്തെത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി തന്റെ സഹോദരൻ എഐ ഉപയോഗിച്ച് പഴയ ദൃശ്യങ്ങൾ മോർഫ് ചെയ്തതെന്നും ഭീഷണിപ്പെടുത്താനും ബ്ലാക്ക് മെയിൽ ചെയ്യാനും വിഡിയോ ഉപയോഗിച്ചെന്നും അവര്‍ പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വീഡിയോ എപ്പോൾ റെക്കോർഡുചെയ്‌തു, ആരാണ് ഇത് ചിത്രീകരിച്ചത്, അതിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ഈ ക്ലിപ്പ് വിശകലനം ചെയ്യാൻ സൈബർ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിർവാൾ കൈകാര്യം ചെയ്യുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി നേടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അതേസമയം,ആരോപണങ്ങളെക്കുറിച്ച് സിർവാൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

